കൊച്ചി: മന്ത്രി എംഎം മണിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പീതാംബരക്കുറുപ്പിന് നേരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സ്റ്റേറ്റ് സെക്രട്ടറി എ.എ റഹിം.
പ്രളയത്തിന് കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നാണ് പീതാംബരക്കുറുപ്പ് പറഞ്ഞത്. അതിന് മറുപടിയായി ‘ഇത് ഒരു രോഗമാണ് ശ്രീ പീതാംബരക്കുറുപ്പ്, കറുപ്പിനോട് കാട്ടിയ അസഹിഷ്ണുത ഒരു തുടര്‍ച്ചയാണ്’- എ.എ റഹിം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ചില രോഗങ്ങള്‍ അങ്ങനെയാണ്…
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്
ശ്രീ പീതാംബരക്കുറുപ്പ്, കറുപ്പിനോട് കാട്ടിയ അസഹിഷ്ണുത ഒരു തുടര്‍ച്ചയാണ്.
ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായതിനോട് ബിജെപി നേതാക്കളും ബിജെപി പത്രവും കാട്ടിയ അസഹിഷ്ണുതയുടെ തുടര്‍ച്ച…
യദു കൃഷ്ണന്‍ പൂജ ചെയ്യാന്‍ ചെന്നപ്പോള്‍ കലാപം ഉണ്ടാക്കിയവരുടെ അതേ ശബ്ദം.
ചാന്നാര്‍ കലാപത്തെ സിലബസ്സിനു പുറത്താക്കിയ മോദിസര്‍ക്കാരിന്റെ അസഹിഷ്ണുത…
ഇത് ഒരു രോഗമാണ്.
ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും അയ്യാവൈകുണ്ഠ സ്വാമികളുമെല്ലാം കലാപമുയര്‍ത്തിയത് അന്ന് സമൂഹത്തെ ഗ്രസിച്ചിരുന്ന ഈ വൃത്തികെട്ട രോഗത്തിനെതിരെയായിരുന്നു. കാലം ഒരുപാട് കടന്നു പോയി. നവോത്ഥാന പ്രഭയില്‍ നാം മുന്നേറി. പക്ഷേ… വേരറ്റു പോകാത്ത ചില മാറാ രോഗങ്ങളെപ്പോലെ ഇന്നും ചിലര്‍ ആ അസുഖവും പേറി നടക്കുന്നു.
ബിജെപിയും അവരുടെ പത്രവും മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചപ്പോള്‍ ഒരക്ഷരം കോണ്‍ഗ്രസ്സ് പ്രതിരോധിച്ചില്ല. തെറ്റെന്നു പറയാന്‍ നാവുയര്‍ത്തിയില്ല. ഇപ്പോഴിതാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും മുതിര്‍ന്ന നേതാവു തന്നെ കറുപ്പിനോടുള്ള അലര്‍ജി പരസ്യമാക്കിയിരിക്കുന്നു . ശ്രീ കുറുപ്പിന്റെ അധിക്ഷേപ പ്രസംഗം വിവാദമായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.
മണ്ണിന്റെ ഗന്ധമുള്ളവര്‍, ഇരുണ്ട നിറമുള്ളവര്‍,മനുഷ്യര്‍ തന്നെയാണ്. മനുഷ്യനെ ജാതിയും നിറവും തിരിച്ചു മാത്രം കാണുന്ന മഹാവ്യാധിയ്‌ക്കെതിരായ പ്രതിരോധമാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത്. അരികുവല്‍ക്കരിക്കപ്പെട്ടവരെ അരങ്ങിലേക്ക് കൈപിടിച്ച് നടത്തണം.
അത് കണ്ടു നെറ്റിചുളിക്കുന്നവര്‍
ചരിത്രത്തിലെന്ന പോലെ ഇനിയും കാലത്തിന്റെ ദയാരഹിതമായ വിചാരണയ്ക്ക് വിധേയമാക്കപ്പെടും.