ഇങ്ങനെയൊരു രാജ്യത്തിന് വേണ്ടിയല്ല ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് എഎ റഹീം

തിരുവനന്തപുരം: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ചെങ്കോലിനും സന്യാസവൃന്ദത്തിനും നല്‍കിയ പ്രാധാന്യം എന്തുകൊണ്ട് രാഷ്ട്രപതിയ്ക്ക് നല്‍കിയില്ലെന്ന് എഎ റഹീം. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഇങ്ങനെയൊരു രാജ്യത്തിന് വേണ്ടിയല്ല. സവര്‍ണ്ണ ബ്രാഹ്‌മണിക്കല്‍ രാഷ്ട്രം പണിതുയര്‍ത്താനാണ് സംഘപരിവാര്‍ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ഗൂഢ പദ്ധതിയാണ് നടക്കുന്നതെന്നും റഹീം പറഞ്ഞു.

എഎ റഹീമിന്റെ കുറിപ്പ്: അനേകം ധീര ദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഇങ്ങനെയൊരു രാജ്യത്തിന് വേണ്ടിയല്ല. ചെങ്കോലിനും ഈ സന്യാസവൃന്ദത്തിനും നല്‍കിയ പ്രാധാന്യം എന്തുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രപതിയ്ക്ക് നല്‍കിയില്ല? സവര്‍ണ്ണ ബ്രാഹ്‌മണിക്കല്‍ രാഷ്ട്രം പണിതുയര്‍ത്താനാണ് സംഘപരിവാര്‍ പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ഗൂഢ പദ്ധതിയാണ്. രാജ്യമുണരണം. ജനാധിപത്യവും മതനിരപേക്ഷതയും, ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണ് രാജ്യം ഇന്നാവശ്യപ്പെടുന്നത്. ഇന്ത്യ അതിജീവിക്കും.

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇരു ചേംബറുകളിലും സന്ദര്‍ശിച്ചു. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും അദ്ദേഹം പ്രസംഗിച്ചു. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പുതിയ സൂര്യോദയത്തിന്റെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തന്‍ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോള്‍ ലോകം വളരുന്നു. രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോല്‍ രാജ്യത്തിന് മാര്‍ഗദര്‍ശിയാകും. രാജ്യം കൂടുതല്‍ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.

Top