തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എഎ റഹീം എംപി. ഭരണഘടന ഉറപ്പ് നല്‍കുന്ന ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ് കേരളത്തോടുള്ള വിവേചനം. കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാരിന്റെ സമീപനമെന്നും റഹീം വിമർശിച്ചു.
സര്‍ക്കാര്‍ ഗ്യാരണ്ടി മാത്രം നല്‍കിയ കിഫ്ബി, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയവ വഴിയുളള കടമെടുപ്പ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാറിന്റെ വിചിത്രമായ നടപടി. സമാനമായ രീതി അവലംബിച്ച, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഒരു രൂപ പോലും കേന്ദ്രം വെട്ടി കുറച്ചിട്ടില്ല. ഇതില്‍ നിന്ന് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണെന്ന് റഹീം പറഞ്ഞു.
എഎ റഹീമിന്റെ കുറിപ്പ്: ” ഇത് കേരളത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കം. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടര്‍ച്ചയാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ് കേരളത്തോടുള്ള ഈ വിവേചനം. ഏതു വിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാരിന്റെ സമീപനം . സംസ്ഥാനത്തിനുള്ള ഗ്രാന്റുകളും,വായ്പകളും,വികസനവും തുടര്‍ച്ചയായി നിഷേധിക്കുകയാണ്.”
”ഈ സാമ്പത്തിക വര്‍ഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയിരുന്നതാണ്. എന്നാല്‍ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഗ്രാന്റിനത്തില്‍ 10,000 കോടി വെട്ടിക്കുറച്ചതിന് പിന്നാലെയാണിത് എന്നു കൂടി ഓര്‍ക്കണം. സര്‍ക്കാര്‍ ഗ്യാരണ്ടി മാത്രം നല്‍കിയ കിഫ്ബി, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയവ വഴിയുളള കടമെടുപ്പ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാറിന്റെ വിചിത്രമായ നടപടിയെന്നാണ് പുറത്ത് വരുന്ന വിവരം. സമാനമായ രീതി അവലംബിച്ച, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഒരു രൂപ പോലും കേന്ദ്രസര്‍ക്കാര്‍ വെട്ടി കുറച്ചിട്ടില്ല. ഇതില്‍ നിന്നുതന്നെ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്.”
”കേരളത്തിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് സാമ്പത്തികമായി നമ്മളെ ഞെരുക്കുന്നത്. ഒരേസമയം ജനക്ഷേമവും വികസന പ്രവര്‍ത്തനങ്ങളും ഒന്നിച്ചു കൊണ്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന്റെ ഈ സമീപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേന്ദ്രത്തിന്റെ ഈ വെല്ലുവിളികളെയെല്ലാം കേരളം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഇച്ഛാശക്തിയുള്ള ഗവണ്‍മെന്റ് ആണ് കേരളം ഭരിക്കുന്നത്, പ്രളയവും കോവിഡും ഒരുമിച്ചു നിന്ന് അതിജീവിച്ച ജനതയാണ് കേരളത്തിന്റേത്. ബിജെപിയുടെ ഈ നീചമായ രാഷ്ട്രീയനീക്കത്തെയും കേരളം ഒറ്റക്കെട്ടായി അതിജീവിക്കും,നമ്മള്‍ മുന്നേറും.”