വാക്കുകൾ നിരോധിച്ച പാർലമെന്റ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് എ എ റഹീം

തിരുവനന്തപുരം: പാർലമെന്റിൽ വാക്കുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി. ഭരണഘടന ഉറപ്പ് നൽകുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ പാർലമെന്റിനുള്ളിൽ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു. നോട്ടുകൾ നിരോധിക്കുന്ന ലാഘവത്തിലാണ് പാർലമെന്റിൽ വാക്കുകൾ നിരോധിക്കുന്നത്. മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല, നാളെകളിൽ, മറ്റ് മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്…..

നോട്ട് നിരോധിച്ചത് പോൽ എത്ര ലാഘവത്തോടെയാണ് വാക്കുകൾ നിരോധിക്കുന്നത്.ഭരണഘടന ഉറപ്പ് നൽകുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ പാർലമെന്റിനുള്ളിൽ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.
കേൾക്കാൻ ഇഷ്ടപ്പെടാത്ത പദങ്ങൾക്ക് നിരോധനം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ,ഏതൊക്കെ വാക്കുകൾ തങ്ങൾക്ക് അനുയോജ്യമാണോ അതൊക്കെയും നിരോധിക്കുന്ന വാക്കുകളുടെ പട്ടികയിൽ കാണാം.
മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല,നാളെകളിൽ,മറ്റ് മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്.
ഇതിനകം തന്നെ നിരോധിക്കപ്പെട്ട എത്രയോ മനുഷ്യരുടെ സ്വാതന്ത്യം..
സ്റ്റാൻസ്വാമി,ടീസ്റ്റ,ആർ ബി ശ്രീകുമാർ,
ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈർ,
ബുൾഡോസർ രാജിന്റെ ഇരകളായ പേരറിയാത്ത ഇന്ത്യക്കാർ,നോട്ട് നിരോധനത്തിന്റെ രക്തസാക്ഷികൾ…
നോട്ട് മുതൽ വാക്കുകൾവരെ നിരോധിക്കുന്നവരുടെ രാജ്യത്ത് രൂപയുടെ മൂല്യം റിക്കാഡ് വേഗതയിൽ ഇടിഞ്ഞു താഴ്ന്നുകൊണ്ടേയിരിക്കുന്നു.വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരുടെ ജീവിതം തന്നെ മറ്റൊരുതരത്തിൽ റദ്ദാക്കുകയാണ്.
ഇനിയും കൂടുതൽ വാക്കുകൾക്ക് മരണവാറണ്ട് പ്രതീക്ഷിക്കാം…സെക്കുലറിസം,ജനാധിപത്യം,
സോഷ്യലിസം,സ്വാതന്ത്ര്യം……..
Top