ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെങ്കിലും അത് പെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷണര്‍ ശ്രീധര്‍ ആചാര്യലു. പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങളും ഇവര്‍ക്ക് നിഷേധിക്കാന്‍ പാടില്ല. വിരമിച്ചവരുടെ ഏക ജീവിതമാര്‍ഗമായ പെന്‍ഷന്‍ വൈകിപ്പിക്കുന്നത് ക്രൂരമാണെന്നും മൗലികാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ വിവരം അവരുടെ വ്യക്തിവിവരമല്ലെന്നും അതുകൊണ്ട് വിവരാവകാശ നിയമപ്രകാരം അവ വെളിപ്പെടുത്താന്‍ ബാധ്യസ്ഥമാണെന്നും കമീഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു.
രാജ്യത്ത് 61.17 ലക്ഷം കേന്ദ്ര പെന്‍ഷന്‍കാരാണുള്ളത്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പെന്‍ഷന്‍ നിഷധിക്കരുതെന്ന് എംപ്ലോയീ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) സര്‍ക്കുലറില്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റു തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.