വാഷിങ്ടണ്‍: ആധാര്‍ പദ്ധതിയിലൂടെ ഒരുവര്‍ഷം ഇന്ത്യ ലാഭിക്കുന്നത് 100 കോടി ഡോളര്‍ (ഏകദേശം 6,700 കോടി രൂപ). ആധാറിലൂടെ അഴിമതി ഒരുപരിധി വരെ തടയാന്‍ കഴിയുന്നുണ്ടെന്നും ഇത് സര്‍ക്കാറിനും ജനങ്ങള്‍ക്കും സാമ്പത്തികനേട്ടമുണ്ടാക്കുന്നുണ്ടെന്നും ലോകബാങ്ക് റിപ്പോര്‍ട്ടിലാണ് പറയുന്നത്.
സാങ്കേതിക ലാഭവിഹിതം (ഡിജിറ്റല്‍ ഡിവിഡന്റ്‌സ്) എന്ന വിഷയത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
ഡിജിറ്റല്‍ സാങ്കേതികവിദ്യ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സര്‍ക്കാറിന് ലഭിക്കേണ്ട പണത്തിലെ ചോര്‍ച്ച തടയുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കവേ, ലോകബാങ്ക് ചീഫ് ഇക്കമോണിസ്റ്റ് കൗശിക് ബസു പറഞ്ഞു. ആധാര്‍ പദ്ധതിയെ വാനോളം പുകഴ്ത്തുന്നതാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 125 കോടി ജനങ്ങളിലേക്കും ആധാര്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനോടകം 100 കോടിക്കടുത്ത് ആളുകള്‍ക്ക് ആധാര്‍ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ പാവപ്പെട്ടവര്‍ക്ക് എളുപ്പത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ ഇതിലൂടെ സാധിക്കും.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാറിനും ഇതുവഴി കഴിയും. അര്‍ഹതപ്പെട്ടവരെ കൂടുതലായും ഉള്‍പ്പെടുത്താനും അനര്‍ഹരെ ഒഴിവാക്കാനും സര്‍ക്കാറിന് സാധിക്കും. ബജറ്റിന് കൂടുതല്‍ കൃത്യത കൈവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.