ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

റെയില്‍വെ സഹമന്ത്രി രജന്‍ ഗോഹെയ്ന്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. റെയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ട്രെയിന്‍ യാത്രക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന തരത്തില്‍ ഒരു ശിപാര്‍ശയും ലഭിച്ചിട്ടില്ല. മുതിര്‍ന്ന പൗരന്‍മാരുടെ ടിക്കറ്റുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതും നിര്‍ബന്ധമല്ലെന്നും മന്ത്രി അറിയിച്ചു.

മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജമ്മു കശ്മീര്‍, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും ഒക്ടോബര്‍ ഒന്ന് മുതല്‍ മരിച്ചയാളുടെ ആധാര്‍ കൈവശമുണ്ടെങ്കിലേ അപേക്ഷിക്കുന്നവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

മരണ സര്‍ട്ടിഫിക്കറ്റാനിയി അപേക്ഷ നല്‍കുന്നയാള്‍ തെറ്റായ വിവരം നല്‍കിയാല്‍ 2016-ലെ ആധാര്‍ ആക്ട്, 1969-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്നും ആഭ്യന്തരമന്ത്രാലയം ഓര്‍മിപ്പിച്ചിട്ടുണ്ട്.

Top