ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും മികച്ച തുടക്കമാണ് ആധാറെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
രാജ്യസഭയില്‍ ധനബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി അദ്ദേഹം രംഗത്ത് വന്നത്. സബ്‌സിഡികള്‍ നേരിട്ട് നല്‍കുന്നത്, നികുതി വെട്ടിപ്പ് പരിശേധിക്കുന്നതിന് തുടങ്ങിയ കാര്യങ്ങള്‍ക്കായി ആധാറിനെ മാറ്റിയത് പരാമര്‍ശിച്ചായിരുന്നു ജെയ്റ്റ്‌ലി രാജ്യസഭയില്‍ സംസാരിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നസമയത്ത് ആധാറിനെപ്പറ്റി ഞങ്ങള്‍ക്ക് നിരവധി ആശങ്കകളും സംശയങ്ങളുമുണ്ടായിരുന്നു. അതിനെതുടര്‍ന്ന് പ്രധാനമന്ത്രി ഇതിനേപ്പറ്റി പരിചയപ്പെടുത്തല്‍ നടത്തി. ഇതില്‍ താനും പങ്കെടുത്തിരുന്നതായും അതിനുശേഷമാണ് ആധാറിന്റെ ഗുണങ്ങള്‍ തങ്ങള്‍ക്ക് മനസിലാക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ കാലത്ത് അന്നത്തെ ഭരണകക്ഷി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ നിരവധി സംശയങ്ങള്‍ക്ക് അന്ന് കൃത്യമായ മറുപടികള്‍ ലഭിച്ചു. അതുകൊണ്ടാണ് ആധാര്‍ മുന്‍സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ മികച്ച തുടക്കമാണെന്ന് അംഗീകരിക്കുന്നതെന്നും ഇതിനെ കൂടുതല്‍ വ്യാപകമാക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ആധാറിനെ എന്തുകൊണ്ടാണ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിന്, എന്തുകൊണ്ടാണ് ജനത്തിന്റെ ഉപകാരത്തിനായി കൊണ്ടുവന്ന സംവിധാനത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കാതിരുന്നതെന്ന ചോദ്യവുമായാണ് ജെയ്റ്റ്‌ലി നേരിട്ടത്.
അതേസമയം ഹാക്കിങ്ങിന്റെ പേരില്‍ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.