തിരുവനന്തപുരം: രാജ്യത്തെ ജയിലുകളില്‍ തടവുകാരെ കാണാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തരവ്. തീവ്രവാദ ബന്ധമുള്ളവര്‍ തടവുകാരെ കാണാനെത്തി വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരിയില്‍ പുറത്തിറക്കിയ നിര്‍ദേശമനുസരിച്ച്, സംസ്ഥാന ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ സംസ്ഥാനത്തെ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനു പുറമെ തടവുകാര്‍ ജയിലില്‍ പ്രവേശിക്കുന്ന സമയത്തുതന്നെ കാണാന്‍ വരാന്‍ സാധ്യതയുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരുവിവരങ്ങള്‍, അവരുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങള്‍ എഴുതി നല്‍കണം. ജയിലധികൃതര്‍ സൂക്ഷിക്കുന്ന ഈ രേഖയനുസരിച്ച് മാത്രമേ പിന്നീട് സന്ദര്‍ശകരെ അനുവദിക്കുകയുള്ളു.
വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ മാത്രമേ സന്ദര്‍ശകര്‍ തടവുകാരുമായി സംസാരിക്കാവൂ, മറ്റു തടവുകാരെപ്പറ്റിയോ രാഷ്ട്രീയമോ സംസാരിക്കുന്നതില്‍ വിലക്കുണ്ട്. ഒരു ദിവസം മൂന്നിലധികം സന്ദര്‍ശകരെ അനുവദിക്കില്ല.
സന്ദര്‍ശകര്‍ സാധാരണ ജീവിതത്തെക്കുറിച്ച് തടവുകാരെ ഓര്‍മ്മപ്പെടുത്തുന്നത് ജയിലിലെ അച്ചടക്കത്തെ മോശമായി ബാധിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.