വിദേശ രാജ്യങ്ങൾ, രാജ്യാന്തര സംഘടനകളുമായി യോജിച്ച് ആധാര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നു എന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. യുഐഡിഎഐ മേധാവി സൗരഭ് ഗാര്‍ഗ് പേടിഎം മേധാവി വിജയ് ശേഖര്‍ ശര്‍മയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ദേശീയ ഐഡന്റിറ്റി എന്ന നിലയില്‍ മറ്റു രാജ്യങ്ങള്‍ക്കും ആധാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായിക്കാനായിരിക്കും ശ്രമിക്കുക. അതൊരു ജന ശാക്തീകരണമായിരിക്കുമെന്നും ലോകമെമ്പാടും നടപ്പാക്കാമെന്നും സൗരഭ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ 99.5 ശതമാനം ജനങ്ങൾക്കും ആധാര്‍ ലഭിച്ചു കഴിഞ്ഞു, രാജ്യത്ത് പ്രതിദിനം ഏകദേശം 50 ദശലക്ഷത്തോളം ആധാര്‍ വഴിയുള്ള വെരിഫിക്കേഷനുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനാല്‍ ആധാറിന്റെ ഘടന മറ്റു രാജ്യങ്ങളുമായും ലോക ബാങ്കുമായും ഐക്യരാഷ്ട്ര സംഘടനയുമായും പങ്കുവയ്ക്കാനാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ യുഐഡിഎഐ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത്, തങ്ങള്‍ക്ക് ക്വാണ്ടം കംപ്യൂട്ടിങ് വഴി കൂടുതല്‍ സുരക്ഷ നേടുന്നത് എങ്ങനെയെന്ന് പരിശോധിക്കാന്‍ ആഗ്രഹമുണ്ടെന്നാണ്. ബ്ലോക്‌ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ ആധാര്‍ ഇടപാടുകളില്‍ പരീക്ഷിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ 2009ല്‍ നടപ്പിലാക്കിയ ആധാര്‍ എന്ന 12 അക്ക ഐഡന്റിറ്റി നമ്പറിന്റെ കാര്യത്തില്‍ പല തവണ കോടതി ഇടപെടല്‍ ഉണ്ടായിട്ടുണ്ട്