ന്യൂഡല്‍ഹി: ആദ്യമായി കുറ്റകൃത്യങ്ങളില്‍ ചെന്ന് ചാടുന്നവരെ പിടികൂടാനും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും ആധാര്‍ വിവരങ്ങള്‍ പൊലീസുമായി പങ്കുവെക്കുന്ന കാര്യം ആലോചനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍.
ആധാര്‍ വിവരങ്ങള്‍ കൈമാറുന്ന കാര്യവും ജയില്‍ നിയമം ഭേദഗതി ചെയ്യുന്നതും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും ഹന്‍സ്‌രാജ് വ്യക്തമാക്കി. ആധാര്‍ വിവരം പൊലീസിന് നല്‍കുന്നത് കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ സഹായിക്കുമെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ഡയറക്ടറുടെ നിര്‍ദേശത്തോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിരലടയാള ബാങ്ക് നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതൊരു കുറ്റകൃത്യവും തെളിയിക്കാന്‍ കഴിയുന്ന സാങ്കേതിക തെളിവാണ് വിരലടയാളം. ഇത് ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പൊലീസിന് നല്‍കുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനും കൂടുതല്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്.