പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം; റിലീസ് വൈകുമെന്ന് സംവിധായകന്‍

പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം ആടുജീവിതം എത്താന്‍ ഇനിയും വൈകുമെന്ന് സംവിധായകന്‍ ബ്ലെസി. 2019ഓടെ ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം ഇനിയും വൈകുമെന്നാണ് ബ്ലെസി വ്യക്തമാക്കുന്നത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ‘ആടുജീവിതം’

വലിയൊരു ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. നാട്ടില്‍ ചിത്രീകരിക്കേണ്ട സീനുകള്‍ എല്ലാം പൂര്‍ത്തിയായി. ശേഷിക്കുന്ന മൂന്നു ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. വിവിധ ലൊക്കേഷനുകള്‍ ഞങ്ങള്‍ പരിഗണിച്ചുവരുന്നുണ്ട്, അതിലൊന്ന് മൊറോക്കോ ആണ്. ഷൂട്ടിംഗ് കാരണമല്ല സിനിമ വൈകുന്നത്, പ്ലാനിംഗ് പ്രകിയയ്ക്ക് വേണ്ടിയെടുക്കുന്ന സമയം മൂലമാണ്. കാലാവസ്ഥപരമായ ഘടകങ്ങള്‍ക്കും തിരക്കഥയില്‍ നല്ല റോളുണ്ട്. തെറ്റുകള്‍ ഇല്ലാതെ വേണം ഓരോ ഷോട്ടും എന്നുള്ളതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്,’ ബ്ലെസി പറയുന്നു.

Top