കൊച്ചി: മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ചിത്രം അതിന്റെ അവസാന പണിപ്പുരയിലാണ്. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം.
അതിനിടയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ചോര്‍ന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ട്രെയിലറിന് ഇപ്പോള്‍ ആയിരങ്ങളാണ് കാഴ്ചക്കാര്‍. ഇതിന് പിന്നാലെ ഓഫീഷ്യല്‍ ട്രെയിലര്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനി അക്കൌണ്ടിലൂടെ പുറത്തുവിട്ട് പൃഥ്വിരാജ്.
അതെ, അത് മനഃപൂർവമല്ലായിരുന്നു. ഇത് ഓൺലൈനിൽ “ചോർന്നത്” എന്നല്ല ഉദ്ദേശിച്ചത്. ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയിലർ ഓൺലൈനില്‍ എത്തിയിരുന്നു. അതിനാല്‍ ആടുജീവിതം, ദ ഗോട്ട് ലൈഫ് ( ചിത്രം പൂര്‍ത്തിയായിട്ടില്ല ജോലികള്‍ പുരോഗമിക്കുകയാണ്) ട്രെയിലർ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റ്വെലുകള്‍ക്ക് മാത്രമായുള്ളതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു – എന്ന വാക്കുകളോടെയാണ് പൃഥ്വി ട്രെയിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Yes, the “release” was unintentional. No, it wasn’t meant to be “leaked” online.
The #AADUJEEVITHAM, The GOAT LIFE (unfinished, work in progress) trailer meant exclusively for various festivals around the world. Hope you like what you see. 🙏❤️https://t.co/s74lxfjOdU pic.twitter.com/Wdt4Bvvs07— Prithviraj Sukumaran (@PrithviOfficial) April 7, 2023
അതേസമയം ആടുജീവിതം റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാള സിനിമയില്‍ സമാനതകളില്ലാത്ത ഒരു ഏടാണ് ആടുജീവിതം എന്ന പ്രോജക്റ്റിന്റെ ഇതുവരെയുള്ള നാള്‍വഴി. തന്റെ ഡ്രീം പ്രോജക്റ്റിന്റെ ആകെ ചിത്രീകരണത്തിനായി സംവിധായകന്‍ ബ്ലെസിക്ക് വേണ്ടിവന്നത് 160നു മുകളില്‍ ദിവസങ്ങള്‍. എന്നാല്‍ നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്.
മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വിലങ്ങുതടിയായി വന്ന കൊവിഡ് മഹാമാരിയുമൊക്കെയായിരുന്നു ഇതിന് പ്രധാന കാരണങ്ങള്‍. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി പൃഥ്വിരാജിന് ശരീരഭാരം കുറച്ച് വലിയ മേക്കോവറും നടത്തേണ്ടിവന്നിരുന്നു.
2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം.