പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത്; ചോപ്രയ്ക്കും ധവാനും പറയാനുള്ളത് ഇതാണ്

സൂപ്പര്‍ താരം മഹേന്ദ്രസിങ് ധോണിയുടെ പിന്‍മുറക്കാരനെന്നാണ് യുവതാരം ഋഷഭ് പന്തിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ധോണിയുമായി പന്തിനുള്ള അനേകം സാമ്യങ്ങള്‍ ആരാധകര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആകാശ് ചോപ്രയും ശിഖര്‍ ധവാനും.

‘ധോണിയെന്ന വിക്കറ്റ് കീപ്പറെ ഋഷഭ് പന്തിലും തിരഞ്ഞിട്ടെന്തു കാര്യം? വളര്‍ന്നു വരുന്ന താരമാണ് പന്ത്. ഈ താരത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ കാര്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. എന്റെ ഉത്തരം ഉണ്ട് എന്നാണ്’ ചോപ്ര പറഞ്ഞു.’ഒരു കാര്യം കൂടി. പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും അത് ധോണിക്കു പിന്നില്‍ രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന നിലയിലായിരിക്കും. മാത്രമല്ല, കളിക്കാന്‍ അവസരം ലഭിച്ചാലും വിക്കറ്റ് കീപ്പറുടെ വേഷമിടാനും പോകുന്നില്ല. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പിങ് മാത്രം മാനദണ്ഡമാക്കി പന്തിനെ വിധിക്കുന്നത് നീതിയല്ല. ഓസീസിനെതിരെ മൊഹാലിയില്‍ ബാറ്റിങ്ങില്‍ പന്ത് തിളങ്ങുകയും ചെയ്തു. മികച്ച പ്രകടനമായിരുന്നു പന്തിന്റേത്’ ചോപ്ര ചൂണ്ടിക്കാട്ടി.

പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് ധവാനും രംഗത്തെത്തി. ‘പന്തിനെ മഹി ഭായിയുമായി (ധോണി) താരതമ്യപ്പെടുത്താനാവില്ല. ധോണി ഒട്ടേറെ മല്‍സര പരിചയമുള്ള താരമാണ്. പന്താകട്ടെ താരതമ്യേന പുതുമുഖവും. പന്തിനു കുറച്ചുകൂടി സമയം നല്‍കൂ. പ്രതിഭ ഏറെയുള്ള താരമാണ് അയാള്‍’ ധവാന്‍ പറഞ്ഞു.

Top