വർ‌ഷത്തിൽ 2 ഐപിഎൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്ന കാര്യം ആലോചനയിൽ: ആകാശ് ചോപ്ര

മുംബൈ∙ ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നീ പുതിയ ടീമുകൾ ഉൾപ്പെട്ട ഐപിഎൽ സീസണിന്റെ വൻ വിജയത്തിനു പിന്നാലെ, പ്രതിവർ‌ഷം 2 ഐപിഎൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്ന കാര്യം ഗൗരവകരമായ ആലോചനയിൽ ഉണ്ടെന്ന അഭിപ്രായ പ്രകടനവുമായി മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചിട്ടുള്ള താരമാണു ചോപ്ര. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ വർഷത്തിൽ 2 ഐപിഎൽ സീസണുകൾ നടത്താൻ ബിസിസിഐ ആലോചിക്കും എന്നും ചോപ്ര ഉറപ്പിച്ചു പറയുന്നു.

‘ഇതേപ്പറ്റി നിങ്ങൾ സംസാരിക്കുന്നുണ്ട് എങ്കിൽത്തന്നെ ഒരു വർഷം 2 ഐപിഎല്ലുകൾ വേണമെന്നാണു നിങ്ങൾക്കു തോന്നുന്നത്. ഇത് ആവശ്യമാണോ അതോ ആവശ്യമല്ലയോ എന്നതല്ല ചോദ്യം. ഇതു നടക്കുമോ അതോ നടക്കില്ലയോ എന്നതാണ്. ഇതാണു ചോദ്യം എങ്കിൽ ഇതു നടക്കുമെന്നാണ് എനിക്കു തോന്നുന്നത്’– യുട്യൂബ് ചാനലിലൂടെ ചോപ്ര അഭിപ്രായപ്പെട്ടു.

‘ഇത് ഇപ്പോൾ നടക്കില്ല. അടുത്ത 5 വർഷത്തേക്കും ഇതു നടക്കാൻ പോകുന്നില്ല. പക്ഷേ, അതിനു ശേഷം ഇതു നടക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. അങ്ങനെയെങ്കിൽ 94 മത്സരങ്ങളുള്ള ഒരു വലിയ ഐപിഎൽ സീസൺ ഉണ്ടാകും. എല്ലാ ടീമുകളും ഒരിക്കലോ മറ്റോ പരസ്പരം ഏറ്റുമുട്ടുന്ന ഒരു മാസം മാത്രം ദൈർഘ്യമുള്ള ഒരു സീസണും കാണും’– ചോപ്ര പറഞ്ഞു.

Top