ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മികച്ച ഫോമില്‍ ആയിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഈ സീസണില്‍ ധോനി തിളങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ സീസണിലെ ഐപിഎല്‍ നിര്‍ത്തിവെയ്ക്കുമ്പോള്‍ ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
ഏഴു മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും വിജയിച്ചു. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു ചെന്നൈയുടെ സ്ഥാനം. ചെന്നൈയുടെ ഈ തിരിച്ചുവരവിന്റെ എല്ലാ ക്രെഡിറ്റും നല്‍കുന്നത് എംഎസ് ധോനിയുടെ ക്യാപ്റ്റന്‍സിക്കാണെന്ന് മുന്‍താരം ആകാശ് ചോപ്ര പറയുന്നു. ‘എംഎസ് ധോനിയുടെ ക്യാപ്റ്റന്‍സിയാണ് ഈ സീസണില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
കഴിഞ്ഞ സീസണില്‍ നിന്ന് ഈ സീസണിലെത്തുമ്പോള്‍ ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. അന്ന് അഞ്ചു ബൗളര്‍മാര്‍ മാത്രമാണ് ടീമിലുണ്ടായിരുന്നത്. റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്നതോടെ റുതുരാജിനെ ടീമില്‍ നിന്ന് ഒഴിവാക്കി.
നാരായണ്‍ ജഗദീഷനും സ്ഥാനം നഷ്ടമായി. എന്നാല്‍ ഇത്തവണ ഏഴു മത്സരങ്ങളിലും ഏഴു താരങ്ങള്‍ കളിച്ചു. ഒരു ഇന്ത്യന്‍ താരത്തെ പോലും മാറ്റേണ്ടിവന്നില്ല. വിദേശ താരങ്ങളെ മാറ്റിയതുതന്നെ ചില താരങ്ങള്‍ക്ക് പരിക്കേറ്റതിനാലാണ്. മോയിന്‍ അലിക്ക് പരിക്കേറ്റതോടെ ഡ്വെയ്ന്‍ ബ്രാവോ ടീമിലെത്തി.
താരങ്ങളെ മാറ്റിപരീക്ഷിക്കാത്തത് ധോനിക്ക് ഓരോരുത്തരിലും അത്രയും വിശ്വാസമുള്ളതുകൊണ്ടാണ്. സൂക്ഷ്മമായ സെലക്ഷനാണ് ചെന്നൈ നടത്തുന്നത്. ഒരു താരത്തെ കണ്ടെത്തുകയല്ല, മറിച്ച ഒരു താരത്തെ വളര്‍ത്തിക്കൊണ്ടുവരികയാണ് ചെന്നൈ ചെയ്യുന്നത്.’ തന്റെ യുട്യൂബ് വീഡിയോയില്‍ ആകാശ് ചോപ്ര പറയുന്നു.