മകളുടെ കരിയറിനെ കുറിച്ചുള്ള ചോദ്യത്തിന് ആകാശ് ചോപ്രയുടെ മറുപടി വൈറല്‍

ന്യൂഡല്‍ഹി: മകളുടെ കരിയറിനെ കുറിച്ചുള്ള ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ മറുപടി വൈറല്‍.

വീടിനുള്ളില്‍ മകള്‍ ആര്‍ണയുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെ 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആകാശ് ചോപ്ര കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ഫോളോവര്‍മാരില്‍ ഒരാള്‍ മകളുടെ കരിയറിനെ കുറിച്ചുള്ള ചോദ്യവുമായി എത്തിയത്. ‘ക്രിക്കറ്റ് ഒരു കരിയറാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ മകളോട് പറയുമെന്ന് തോന്നുന്നില്ല’, എന്നായിരുന്നു അയാളുടെ ട്വീറ്റ്.

ഇതിന് ആകാശ് ചോപ്ര നല്‍കിയ മറുപടിയാണ് വൈറലായത്. ‘അവള്‍ക്ക് ചിറകുകളുണ്ട്. താന്‍ അവളോട് ഒന്നും പറയില്ല. തുറന്ന ആകാശമൊരുക്കാനാണ് തങ്ങള്‍ ശ്രമിക്കുക’, ആകാശ് ട്വിറ്ററില്‍ കുറിച്ചു.

കുറിപ്പ് വന്നതിന് പിന്നാലെ നിരവധി പേരാണ് ആകാശ് ചോപ്രയുടെ വാക്കുകളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പലരും കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്.

Top