കൊച്ചി: നടന്‍ ശ്രീനിവാസനെ ആംആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ നേതൃതല തീരുമാനം.
സംസ്ഥാനത്തെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ നിരന്തരം ഇടപെടലുകള്‍ നടത്തി വരുന്ന ശ്രീനിവാസനെ പാര്‍ട്ടിയോട് സഹകരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍.
പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് സ്ഥാനമൊഴിഞ്ഞതിന് ശേഷം അധികാരമേറ്റ പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നിലകണ്ഠന്റെ നേതൃത്വത്തിലാണ് ശ്രീനിവാസനായി വലവീശുന്നത്.
ശ്രീനിവാസന്‍ അനുകൂലമായി പ്രതികരിച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊണ്ട് സംസാരിപ്പിക്കാനാണ് ആലോചന.
കണ്ണൂരിലെ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത് വന്ന ശ്രീനിവാസനെതിരെ പാര്‍ട്ടി നിലപാട് കടുപ്പിച്ചതോടെ അദ്ദേഹത്തെ പിന്‍തുണച്ച് ആംആദ്മി പാര്‍ട്ടി പരസ്യമായി രംഗത്ത് വന്നത് തന്നെ ‘ഭാവി’ സഹകരണം മുന്‍നിര്‍ത്തിയാണ്.
കേരള രാഷ്ട്രീയം അക്രമത്തില്‍ മുങ്ങിത്താഴുന്നതിനെതിരെ പ്രതികരിച്ച ശ്രീനിവാസന് സാംസ്‌കാരിക കേരളത്തിന്റെ മുഴുവന്‍ പിന്‍തുണയുമുണ്ടാകണമെന്ന് ആവശ്യപ്പെട്ട ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സാംസ്‌കാരിക നായകര്‍ക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഹിംസയെ ന്യായീകരിക്കുന്ന രാഷ്ട്രീയം ശക്തമായി മുന്നേറുമ്പോള്‍ അതിനെതിരെ കേരളത്തിന്റെ മന:സാക്ഷിയുടെ ശബ്ദമാണ് ശ്രീനിവാസന്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ മണ്ഡലം ശുദ്ധീകരിക്കാന്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ അണിനിരത്തി ബദല്‍ സംവിധാനം കെട്ടിപ്പടുക്കാനാണ് ആംആദ്മി ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ഒരു യോജിച്ച പ്ലാറ്റ്‌ഫോമാണ് കെജ്‌രിവാളിന്റെ പാര്‍ട്ടിയുടെ ലക്ഷ്യം.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ടുകള്‍ സംസ്ഥാനത്ത് നിന്ന് ആംആദ്മി പാര്‍ട്ടി നേടിയിരുന്നു.
ഏതാനും സീറ്റുകളില്‍ മാത്രം മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ഇത്രയധികം വോട്ട് കന്നി മത്സരത്തില്‍ കേരളത്തില്‍ നിന്നും നേടാന്‍ കഴിഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.
ഇതില്‍ എറണാകുളത്ത് നിന്നും മത്സരിച്ച പ്രമുഖ പത്രപ്രവര്‍ത്തകയായ അനിതാ പ്രതാപിന് 50,000 ല്‍ പരം വോട്ടുകളാണ് നേടാനായിരുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ കഴിയുമെന്നും ഗുജറാത്തില്‍ ‘കറുത്ത കുതിര’യാവുമെന്നും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ആംആദ്മി പാര്‍ട്ടി നേതൃത്വം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി മോദിയുമായുള്ള നേരിട്ട ഏറ്റുമുട്ടലിന് കളമൊരുക്കുന്നതോടെ കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.