ദില്ലി: ഏക സിവിൽ കോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിലും ഭിന്നത. സിവിൽ കോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നാണ് ഭഗവന്ത് മാന്റെ പ്രതികരണം. അതേസമയം, സിവിൽ കോഡിനെ പിന്തുണക്കുമെന്നാണ് ആംആദ്മി പാർട്ടിയുടെ നിലപാട്. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ചാണ് ആം ആദ്മി രംഗത്തെത്തിയത്.
ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് ഏക സിവിൽകോഡിൽ എഎപി നേതാക്കൾ പ്രതികരിച്ചത്. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ് വിഷയത്തിൽ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാർട്ടി നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. അതേസമയം, ഏക സിവിൽ കോഡില്‍ നിലപാട് വ്യക്തമാക്കാതെ നിൽക്കുകയാണ് കോണ്‍ഗ്രസ്. എന്നാൽ സിവിൽകോഡ് സംബന്ധിച്ച് കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്നാണ് പാര്‍ട്ടി വക്താവ് ജയറാം രമേശ് ദില്ലിയില്‍ വ്യക്തമാക്കിയത്.
സിവിൽ കോഡിൽ പ്രതിപക്ഷ പാർട്ടികൾക്ക് വ്യത്യസ്ഥ അഭിപ്രായമാണുള്ളത്. അതിനാൽ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദമുള്ളപ്പോള്‍ തന്നെ തല്‍ക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വം ധാരണയിലെത്തിയിരിക്കുന്നത്.