ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് എം.എല്‍.എ അമാനതുല്ല ഖാന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് എം.എല്‍.എ അമാനതുല്ല ഖാന്‍ രാജിവെച്ചു.

കുമാര്‍ വിശ്വാസ് ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന അമാനതുല്ല ഖാന്റെ ആരോപണത്തിനെതിരെ എ.എ.പി നേതാക്കള്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് രാജി. കുമാര്‍ വിശ്വാസിനെ എ.എ.പിയില്‍ പ്രതിഷ്ഠിച്ചത് ആര്‍എസ്എസും ബിജെപിയുമാണെന്നായിരുന്നു അമാനതുല്ലയുടെ ആരോപണം.

എ.എ.പി മന്ത്രിമാരുമായും എം.എല്‍.എമാരുമായും സ്വവസതിയില്‍ കൂടിക്കാഴ്ച നടത്തിയ കുമാര്‍ വിശ്വാസ് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും ഇത് പരാജയപ്പെട്ടാല്‍ നിരവധി എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേരാന്‍ ശ്രമിച്ചിരുന്നതായും അമാനതുല്ല ഖാന്‍ ആരോപിച്ചിരുന്നു.

അമാനതുല്ല ഖാനെ പാര്‍ട്ടിയില്‍ നിന്ന് പുത്താക്കണമെന്ന് മുതിര്‍ന്ന നേതാക്കളും 37 എം.എല്‍.എമാരും എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിജവാളിനോട് ആവശ്യപ്പെട്ടിരുന്നു. അമാനതുല്ലയെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ സമിതി യോഗത്തില്‍ പങ്കെടുക്കുകയുള്ളൂവെന്ന് കുമാര്‍ വിശ്വാസും നിലപാട് സ്വീകരിച്ചു.

അതേസമയം, സഹോദരനെപ്പോലെ കരുതുന്ന കുമാര്‍വിശ്വാസിനും തനിക്കുമിടയില്‍ വിടവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

Top