പഞ്ചാബിൽ ആം ആദ്മി പാർട്ടി കൗൺസിലർ വെടിയേറ്റ് മരിച്ചു

ഞ്ചാബിൽ ആം ആദ്മി പാർട്ടി കൗൺസിലർ വെടിയേറ്റ് മരിച്ചു. മലേർകോട്ട ജില്ലയിലെ കൗൺസിലർ മുഹമ്മദ് അക്ബർ ആണ് കൊല്ലപ്പെട്ടത്. രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന കൗൺസിലർക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൻറെ ആഘാതം മാറും മുമ്പാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ജിമ്മിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ജിമ്മിനുള്ളിൽ അജ്ഞാതനായ ഒരാളുടെ അടുത്തേയ്ക്ക് അക്ബർ നീങ്ങുന്നത് വീഡിയോയിൽ കാണാം. അക്ബർ അടുത്തെത്തിയപ്പോൾ അക്രമികൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. രണ്ട് പേരാണ് കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വെടിയുതിർത്ത ശേഷം രണ്ട് പേരും പ്രദേശത്ത് നിന്നും ഓടി രക്ഷപെട്ടു. ഓടിരക്ഷപെട്ട രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പഞ്ചാബിൽ എഎപി സർക്കാരാണ് അധികാരത്തിലുള്ളത്.

Top