ഡല്‍ഹി : ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാന്‍ ഒരുങ്ങി ആംആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം. സഖ്യം പിരിയുകയാണെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് നീക്കം. സഖ്യം തുടരാന്‍ എഎപിക്ക് താല്‍പര്യമുണ്ടെന്നും തുടര്‍ചര്‍ച്ചകള്‍ക്കുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കേരളത്തിന്റെ ചുമതലയുള്ള സംഘടന സെക്രട്ടറി അജയ് രാജ് പറഞ്ഞു. സാബു ജേക്കബുമായി ചര്‍ച്ച നടത്തി അനുനയിപ്പിക്കാനുള്ള നീക്കമാണ് നടത്തുക. എഎപിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും സാബുവിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും എന്നാല്‍ അന്തിമ തീരുമാനം കെജ്രിവാളിന്റെയാണെന്നും അജയ് രാജ് വ്യതക്തമാക്കി.
സഖ്യം അവസാനിപ്പിക്കുന്നു എന്നത് സാബുവിന്റെ മാത്രം തീരുമാനമാണ്. സാബുവുമായി ഞങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ കേരളത്തിലുണ്ട് അദ്ദേഹത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുയാണ് ഞങ്ങളുടെ പാര്‍ട്ടി നേതാവെന്നും അജയ് രാജ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് 20-20 യും എഎപിയും കേരളത്തില്‍ സഖ്യം പ്രഖ്യാപിച്ചത്. പീപ്പിള്‍സ് ഫെല്‍ഫയര്‍ അലിയന്‍സ് എന്ന് പേരിട്ട സഖ്യം അരവിന്ദ് കെജരിവാള്‍ നേരിട്ടെത്തിയാണ് കൊച്ചിയില്‍ പ്രഖ്യാപിച്ചത്.എന്നാല്‍ സഖ്യം പരാജയപ്പെട്ടെന്ന് കാട്ടിയാണ് ഒന്നരക്കൊല്ലം മാത്രം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ സാബു ജേക്കബ് തീരുമാനിച്ചത്.
എന്നാല്‍ ഏകപക്ഷീയമായിട്ടാണ് സാബു പ്രഖ്യാപനം നടത്തിയതെന്നും സഖ്യം പുനസ്ഥാപിക്കാന്‍ ഉന്നതതലത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും അജയ് രാജ് പറഞ്ഞു. സംഘടനസംവിധാനം കേരളത്തിലുണ്ടെങ്കിലും ഒറ്റയ്ക്ക് മത്സരിച്ച് എവിടെയെങ്കിലും കരുത്ത് കാട്ടാനുള്ള ശേഷി എഎപിക്ക് ഇല്ല. ലോക്‌സഭ തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാണുന്നില്ലെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ട്വന്റി ട്വന്റിയെ കൂടെ നിറുത്താനാണ് ദേശീയ നേതൃത്വം മുന്നില്‍ കാണുന്നത്.