ന്യൂഡല്‍ഹി: രാജ്യദ്രോഹപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടി കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. നടിക്കെതിരെ നടപടി ആവശ്യപ്പെട്ട് എഎപി മുംബൈ പൊലീസില്‍ പരാതി നല്‍കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ല്‍ ആണെന്നും, 1947-ല്‍ ലഭിച്ചത് ഭിക്ഷയാണെന്നും കങ്കണ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് എഎപി പരാതി നല്‍കിയത്.
നടിയുടെ പ്രസ്താവന രാജ്യദ്രോഹവും പ്രകോപനപരവുമാണെന്ന് എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ്മ മേനോന്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ 504, 505, 124 എ പ്രകാരം രാജ്യദ്രോഹപരവും പ്രകോപനപരവുമായ പ്രസ്താവനകള്‍ക്ക് റണാവത്തിനെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രസ്താവനയെ എഎപി ശക്തമായി അപലപിക്കുന്നു എന്നും പ്രീതി ട്വീറ്റില്‍ കുറിച്ചു.
നേരത്തെ ബി.ജെ.പി ലോക്സഭ അംഗം വരുണ്‍ ഗാന്ധിയും റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസ്താവന ദേശവിരുദ്ധ നടപടിയാണെന്നും അത്തരത്തില്‍ തന്നെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പരാമര്‍ശങ്ങളുടെ ഒരു ചെറിയ ക്ലിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.