xന്യൂഡല്‍ഹി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായി ഷഹീന്‍ ബാഗ് സമരം ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തിയ ഗൂഢാലോചനയാണെന്ന് ആരോപിച്ച് ആംആദ്മി രംഗത്ത്. ഷഹീന്‍ ബാഗ് സമരത്തിന്റെ മുഖമായി ചിലര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആംആദ്മി ആരോപണം.
ഞായറാഴ്ചയാണ് ഷഹീന്‍ ബാഗ് സമരനായകരുള്‍പ്പെടെ ഉള്ളവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി ബി.ജെ.പി അറിയിച്ചത്. സമരനേതാവ് ഷഹ്‌സാദ് അലി അടക്കം ചിലര്‍ ബി.ജെ.പി നേതാവ് ആദേശ് ഗുപ്ത, ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത് എന്നാണ് ബിജെപി അറിയിച്ചത്.
ബിജെപിയും ഡല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഷഹീന്‍ ബാഗ് സമരം എന്ന് വ്യക്തമാകുകയാണെന്ന് ആംആദ്മി പാര്‍ട്ടിയുടെ സൌരവ് ഭരദ്വാജ് എന്‍ഡി ടിവിയോട് പ്രതികരിച്ചു. അവര്‍ക്ക് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നതായിരുന്നു പദ്ധതി. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിഷയം അതുമാത്രമായിരുന്നു, ഇത് ഷഹീന്‍ ബാഗ് സമരക്കാരില്‍ ഒരു വിഭാഗം ബിജെപിയില്‍ ചേര്‍ന്നതോടെ വ്യക്തമായി എന്നും സൌരവ് ഭരദ്വാജ് പ്രതികരിച്ചു.
ഡല്‍ഹി പൊലീസ് ബിജെപിയുടെ നിര്‍ദേശം അനുസരിച്ചാണ് ഷഹീന്‍ ബാഗ് സമരക്കാര്‍ക്കെതിരെ നടപടി എടുക്കാതിരുന്നതെന്നും ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.