അമൃത്സര്‍: പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കള്‍ തമ്മിലെ വാക്കുതര്‍ക്കവും കടുത്തു. പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കസ് കൂടാരമാണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മന്‍ പറഞ്ഞു. സര്‍ക്കസ് കൂടാരത്തില്‍ കുരങ്ങന്റെ സ്ഥാനം ഒഴിവുണ്ടെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി തിരിച്ചടിച്ചു.
‘ഞങ്ങളുടെ സര്‍ക്കസില്‍ ഒരു കുരങ്ങന്റെ ഒഴിവുണ്ട്. ചേരാന്‍ അവരെ സ്വാഗതം ചെയ്യുന്നു. ഡല്‍ഹി, ഹരിയാന, യു.പി എന്നിങ്ങനെ എവിടെനിന്നും ചേരാം. അവര്‍ക്ക് സ്വാഗതം’ എന്നാണ് ചരണ്‍ജിത് സിങ് ഛന്നി പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം അമൃത്സറില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് ഭഗവന്ത് മന്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കസ് കൂടാരമായി മാറി. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഛന്നി തോല്‍ക്കും. എ.എ.പി അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ പോകുന്നു. എം.എല്‍.എ പോലും ആവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹം ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
പഞ്ചാബ് കോണ്‍ഗ്രസിനൊപ്പം തുടരുമെന്നാണ് ഛന്നിയുടെ മറുപടി. എ.എ.പിയെ ബ്രിട്ടീഷുകാരുമായാണ് ഛന്നി താരതമ്യപ്പെടുത്തിയത്. തവിട്ടു നിറത്തിലുള്ള ബ്രിട്ടീഷുകാര്‍ പഞ്ചാബ് കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാഘവ് ഛദ്ദയും അയ്യായിരത്തോളം പുറത്തുനിന്നുള്ളവരും പഞ്ചാബിലെത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്നും ഛന്നി പറഞ്ഞു. ഭഗവന്ത് മന്നിന്റെ വിദ്യാഭ്യാസ യോഗ്യതയും ഛന്നി ചോദ്യംചെയ്തു.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂവെന്നാണ് ആരോപണം. അരവിന്ദ് കെജ്‌രിവാളിനെയും ഛന്നി രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചാബിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കെജ്‌രിവാളിന് കഴിയില്ലെന്നാണ് വിമര്‍ശനം.
‘കെജ്‌രിവാള്‍ ഹരിയാനക്കാരനാണ്. ഡല്‍ഹി മുഖ്യമന്ത്രിയാണ് അദ്ദേഹം. ജലപ്രശ്‌നത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ഹരിയാനയുമായും ഡല്‍ഹിയുമായും പോരാടുകയാണ്. അതിനാല്‍ എസ്.വൈ.എല്‍ കനാല്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ഒരാള്‍ക്ക് എല്ലാ അധികാരവും നല്‍കണോ’ എന്നാണ് ഛന്നിയുടെ ചോദ്യം.