കൊച്ചി: തൃശൂര്‍ എങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് ജീവനൊടുക്കിയ വിനായകന്റെ മരണത്തിനു കാരണമായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി.
ടൗണില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആണ് യുവാവിനെ കൂട്ടികൊണ്ടുപോയത്. പല കളവുകേസുകളും അദ്ദേഹത്തിന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തി കൊണ്ടിരുന്നത് എന്നും അദ്ദേഹം രക്ഷിതാക്കളോട് പറഞ്ഞിരുന്നു.
വളരെ ക്രൂരമായ മര്‍ദ്ദനം ആണ് ഇദ്ദേഹത്തിന്റെ മേല്‍ പോലീസ് നടത്തിയത്. ശരീരത്തില്‍ മുറിവുകളും ബൂട്ട് ഇട്ട് ചവിട്ടിയ പാടുകള്‍ ഉണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ലോക്കപ്പ് മര്‍ദ്ദനം അനുഭവിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രി തന്നെ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഈ സംഭവം കേരളത്തിനാകെ നാണക്കേടാണെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സീ.ആര്‍. നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ ക്രൂരമായി പെരുമാറിയ പൊലീസുകാരുടെ മേല്‍ നരഹത്യക്ക് കേസ് എടുക്കണമെന്നും അവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.