ഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടം കയ്യേറി അനധികൃതമായി പാര്‍ട്ടി ഓഫീസ് തുടങ്ങിയതിന് ആം ആദ്മി പാര്‍ട്ടിക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കി.
പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്ക് 27 ലക്ഷം രൂപ പിഴയടക്കണം എന്നറിയിച്ചു കൊണ്ടുള്ള നോട്ടീസാണ് നല്‍കിയത്. ലൈസന്‍സ് തുകയുടെ 65 മടങ്ങാണ് പിഴ തുകയായി ഈടാക്കുന്നത്. കെട്ടിടം ഒഴിയുന്നതു വരെ തുക വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമെന്നും പൊതുമരാമത്ത് അയച്ച നോട്ടീസില്‍ പറയുന്നു
വടക്കന്‍ ഡല്‍ഹിയില്‍ റോസ് അവന്യൂവില്‍ സര്‍ക്കാര്‍ ഭൂമിയിലെ 206-ാം നമ്പര്‍ കെട്ടിടമാണ് പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിച്ചു വരുന്നത്.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന് ഓഫീസ് അടിയന്തരമായി ഒഴിയണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഏപ്രിലില്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ പാര്‍ട്ടിയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
ചട്ടങ്ങള്‍ പാലിക്കാതെയാണ് പാര്‍ട്ടിക്ക് ഓഫീസ് അനുവദിച്ചതെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
2015 ല്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാനുള്ള പ്രത്യേക അവകാശം ഉള്‍ക്കൊള്ളുന്ന നയം ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്നിരുന്നു.