വിഡ്ഢിവേഷം മാറ്റി ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആം ആദ്മി

c r neelakandan

കൊച്ചി: സ്വാശ്രയ ഫ്രീസ് ഘടന നിശ്ചയിക്കുന്നതില്‍ അനാസ്ഥ വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബാങ്ക് ഗ്യാരണ്ടി ഉറപ്പു വരുത്തി പാവപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി.

പത്തുലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഏറ്റെടുത്ത ഡല്‍ഹിയെ ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. ഫീസ് പരിഷ്‌കരണമെന്ന പേരില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ പെരുമാറിയ സര്‍ക്കാര്‍, സ്വാശ്രയ മാനേജ്‌മെന്റുകളുടെ കണ്ണീരിനല്ല കഷ്ടപ്പെട്ട് പഠിച്ചിട്ടും വന്‍തുക മുടക്കാനില്ലാത്തതിനാല്‍ ആഗ്രഹിച്ച പഠനം മുടങ്ങിയ കുട്ടികളുടെ കണ്ണീരിനാണ് വില കല്‍പിക്കേണ്ടത് എല്ലാ വര്‍ഷവും പ്രവേശന പരീക്ഷ ഫലം വരുന്നതിന് മുമ്പ് തന്നെ സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ ആവശ്യപ്പെട്ടു.

പ്രവേശന സമയം വരെ അനിശ്ചിതത്വം തുടര്‍ന്ന് ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ മനസ് തകര്‍ക്കുന്ന സാഹചര്യം പ്രതിവര്‍ഷം സൃഷ്ടിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സ്വാശ്രയ മേഖലയില്‍ എല്ലാ വര്‍ഷവും ബോധപൂര്‍വം ഉണ്ടാക്കുന്ന ഈ അവസ്ഥ സംസ്ഥാനത്തും പുറത്തുമുള്ള വിദ്യാഭ്യാസ കൊള്ളക്കാര്‍ക്ക് വളം വച്ചു കൊടുക്കലാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി വിഡ്ഢിവേഷം കെട്ടുന്നവരായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ഈ വര്‍ഷം തന്നെ അന്ത്യം കുറിച്ച് ശാശ്വത പരിഹാരം എന്ന നിലയില്‍, വിദ്യാഭ്യാസ മേഖലയിലെ ഈ അനിശ്ചിതത്വം നിയമനിര്‍മ്മാണമടക്കമുള്ള വഴിയിലൂടെ കണ്ടെത്തണമെന്നും സി.ആര്‍. വ്യക്തമാക്കി.

Top