ബോക്സ് ഓഫീസിൽ ആവേശമില്ലാതെ ആമിർ ഖാൻ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’

തുടർ പരാജയങ്ങളാൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ബോളിവുഡ്. വലിയ വിജയമാകും എന്ന് കരുതിയ ആമിർ ഖാൻ നായകനായി എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’യും ബോക്സ് ഓഫീസിൽ വേണ്ടത്ര മുന്നേറ്റം കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തിയ ആമിർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദനാണ്. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. ടോം ഹാങ്ക്സിനെ നായകനാക്കി റോബർട്ട് സിമേക്കിസ് സംവിധാനം ചെയ്‍ത ചിത്രത്തിന് ഇന്നും ഏറെ ആരാധകരാണ് ഉള്ളത്. അതുൽ കുൽക്കർണിയുടേതാണ് തിരക്കഥ.

ഓ​ഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 12 കോടിയാണ് കളക്ഷൻ നേടിയത്. വെള്ളിയാഴ്ച ഏഴ് കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും. വൻ ഹൈപ്പോടെ എത്തിയ ബോളിവുഡ് ചിത്രത്തിന്റെ നിരാശപ്പെടുത്തുന്ന കാണക്കാണ് ഇതെന്നാണ് ട്രെഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

അതേസമയം, ബോക്സ് ഓഫീസിൽ അ​ക്ഷയ്കുമാർ ചിത്രം രക്ഷാബന്ധനെ പിന്നിലാക്കാൻ ലാൽ സിം​ഗ് ഛദ്ദക്ക് സാധിച്ചിട്ടുണ്ട്. 7.50- 8.50 കോടിവരെയാണ് രക്ഷാബന്ധന് ആദ്യ ദിനത്തിൽ നേടാനായത്. ബോളിവുഡിന്റെ പതിവുകളിൽ നിന്നും വളരെ താഴെയാണ് ഈ കണക്ക്. ഗുജറാത്ത് ഉൾപ്പടെയുള്ള ഇടങ്ങളിലെ തിയേറ്ററുകളിൽ ‘ലാൽ സിംഗ് ചദ്ദ’യേക്കാൾ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അക്ഷയ് കുമാറിന്റെ തന്നെ ‘സാമ്രാട്ട് പൃഥ്വിരാജ്’ ആദ്യദിനത്തിൽ 10 കോടി നേടിയിരുന്നു.

Top