ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമീര്‍ ഖാന്‍. താന്‍ പാക്കിസ്ഥാനിലേക്ക് പോകില്ല. ഇതുവരെ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ആമീര്‍ ഖാന്‍ പ്രതികരിച്ചു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പാനി ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയുടെ തിരക്കിലാണ് ഞാനിപ്പോള്‍. ഏകദേശം 10,000 ഗ്രാമീണരാണ് പരിപാടിയില്‍ പങ്കെടുക്കുക. ആഗസ്റ്റ് 12നാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ആമീര്‍ വ്യക്തമാക്കി.
ആമീര്‍ ഖാന്‍ ഇമ്രാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമിര്‍ഖാനെ കൂടാതെ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ദേവ് എന്നിവരെയും സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
ആഗസ്റ്റ് 11നാണ് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ 116 സീറ്റുകളാണ് നേടിയത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലിക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും പിടിഐ അധികാരം പിടിച്ചെടുത്തിരുന്നു. സത്യപ്രതിജ്ഞ വന്‍ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി.