‘ലാല്‍ സിംഗ് ഛദ്ദ’യില്‍ ആമിറിനൊപ്പം; ബോളിവുഡ് അരങ്ങേറ്റത്തിന് നാഗചൈതന്യ

ബോളിവുഡ് അരങ്ങേറ്റത്തിന് തെലുങ്ക് താരം നാഗചൈതന്യ. അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനാവുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യിലാണ് നാഗചൈതന്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഇപ്പോള്‍ പുരോഗമിക്കുന്ന ലഡാക്ക് ഷെഡ്യൂളില്‍ നിന്ന് ആമിറിനും കിരണ്‍ റാവുവിനുമൊപ്പമുള്ള ചിത്രവും നാഗചൈതന്യ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ ആത്മസുഹൃത്ത് ആണ് നാഗയുടെ കഥാപാത്രം. ബാല എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. നേരത്തെ വിജയ് സേതുപതി അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന കഥാപാത്രമാണ് ഇത്. അദ്ദേഹം മാറിയ ഒഴിവിലേക്കാണ് നാഗചൈതന്യ എത്തിയിരിക്കുന്നത്. ഒന്നര മാസത്തോളം നീളുന്നതാണ് ഇപ്പോഴത്തെ ലഡാക്ക് ഷെഡ്യൂള്‍. ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചില യുദ്ധരംഗങ്ങളും ഈ ഷെഡ്യൂളിലാണ് ചിത്രീകരിക്കുക. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക.

ടോം ഹാങ്ക്‌സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‌സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു.

ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ-ചൈന പ്രശ്‌നങ്ങളെത്തുടര്‍ന്ന് ലഡാക്ക് ഷെഡ്യൂള്‍ നേരത്തെ മാറ്റിവെക്കേണ്ടിവന്നതാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് തീയ്യതിയും മാറ്റേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം 2021 ക്രിസ്മസിനേ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തൂ.

 

Top