ന്യൂഡല്‍ഹി: പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നിടങ്ങളിലെല്ലാം ബിജെപി കുറ്റവാളികളെ രക്ഷിക്കുകയാണെന്നും ഇന്ത്യയെ മറ്റൊരു താലിബാന്‍ മേഖലയാക്കുകയാണോ ബിജെപിയുടെ ലക്ഷ്യമെന്നും എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ആരാഞ്ഞു.
ആള്‍വാറില്‍ സംഭവിച്ചത് ആശങ്കാജനകമാണെന്നും, സര്‍ക്കാരിന്റെ ഭാഗമായവരാണ് ഈ കൊലപാതകങ്ങള്‍ക്കു പിന്നിലെന്നും, ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ കുറ്റവാളികളെ സര്‍ക്കാര്‍ പൂമാലയിട്ടു സ്വീകരിക്കുന്നതിനാല്‍ നിയമം കൈയിലെടുക്കാന്‍ ഇത്തരക്കാര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നുവെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ കുറ്റവാളികളെ പൂമാലയിട്ടു സ്വീകരിക്കുന്ന മന്ത്രിമാരെ പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ലെങ്കില്‍ ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊന്നിരുന്നു. ഹരിയാനാ സ്വദേശിയായ അക്ബര്‍ ഖാനെയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം പെഹ്‌ലുഖാന്‍ എന്ന 50 വയസുകാരനെ പശുക്കടത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ അല്‍വാറില്‍ തന്നെയാണ് അതേ തരത്തിലുള്ള മറ്റൊരും കൊലപാതകം കൂടി ഇന്ന് നടന്നിരിക്കുന്നത്.
ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ തന്റെ താമസ സ്ഥലമായ കൊല്‍ഗാന്‍വില്‍ നിന്ന് രണ്ട് പശുക്കളെ രാംഗറിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഗോരക്ഷകരുടെ ആക്രമണത്തിനിരയായത്. അല്‍വാര്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ഇപ്പോള്‍ അക്ബര്‍ ഖാന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നിയമനിര്‍മാണങ്ങള്‍ വേണമെന്ന് കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.