ഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഎപി. മൂന്നുപേര് അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ദിബ്രുഗഡ്, ഗുവാഹത്തി, സോനേത്പൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എഎപി രാജ്യസഭാ എംപി സന്ദീപ് പഥകാണ് പ്രഖ്യാപിച്ചത്.
‘ഇന്ത്യ’ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് എഎപിയുടെ പ്രഖ്യാപനം. അസമിലെ 14 ലോക്‌സഭാ സീറ്റുകളില്‍ മൂന്നിടത്ത് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം. മനോജ് ധനോഹര്‍(ദിബ്രുഗഡ്), ഭവന്‍ ചൗധരി(ഗുവാഹത്തി), ഋഷി രാജ്(സോനേത്പൂര്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഈ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ ഇന്ത്യന്‍ ബ്ലോക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് പഥക്.
‘ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി, ഇനി ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കി. ഒരുപാട് ജോലികള്‍ ബാക്കിയാണ്. അതുകൊണ്ടാണ് ആസാമില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളെ എഎപി പ്രഖ്യാപിക്കുന്നത്. ഈ നിയോജക മണ്ഡലങ്ങളില്‍ സര്‍വ്വശക്തിയുമെടുത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കും. ഇന്ത്യാ ബ്ലോക്കും ഈ മൂന്ന് സീറ്റുകള്‍ എഎപിക്ക് നല്‍കുമെന്ന് വിശ്വാസവും പ്രതീക്ഷയുമുണ്ട്’- അദ്ദേഹം പറഞ്ഞു.