ലഗേ രഹോ മുന്നാ ഭായ് എന്ന സിനിമ ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. ഇതിന്റെ പല ഭാഗങ്ങള്‍ ഇറങ്ങിയപ്പോഴും കാണികള്‍ ചിത്രത്തെ സ്‌നേഹിച്ചു. എന്തായാലും മുന്നാ ഭായ് സ്‌റ്റൈലില്‍ ഡല്‍ഹിയിലെ വോട്ടര്‍മാരെ വീഴ്ത്താനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. അടുത്ത വര്‍ഷം നടക്കാന്‍ ഇരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം ‘അഞ്ച് വര്‍ഷം നന്നായി പോയി, ലഗേ രഹോ കെജ്രിവാള്‍’ എന്നാണ്.
പ്രചരണങ്ങളില്‍ പോസ്റ്ററുകളിലും, നോട്ടീസിലും പുതിയ നിറങ്ങളാകും ആം ആദ്മി ഉപയോഗിക്കുക. തെരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ ഏജന്‍സി ഐപാകിന്റെ സഹായത്തോടെയാണ് ഇക്കുറി ആം ആദ്മി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത്. പ്രചരണങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എഎപി ആസ്ഥാനം പുതിയ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞിരുന്നു.
വെള്ളയും, നീലയും ചേര്‍ന്ന നിറങ്ങളില്‍ നിന്നും മാറിയാണ് പാര്‍ട്ടി കടുത്ത നിറം തെരഞ്ഞെടുത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ എല്ലാ സീറ്റുകളിലും ബിജെപി വിജയിക്കുകയും വോട്ട് വിഹിതത്തില്‍ ആം ആദ്മി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍കൂര്‍ ഒരുങ്ങാന്‍ അവര്‍ തീരുമാനിച്ചത്.
ജൂലൈയില്‍ തന്നെ പ്രചരണ പരിപാടികള്‍ക്ക് ആം ആദ്മി തുടക്കം കുറിച്ചു. ഡല്‍ഹി വോട്ടര്‍മാരെ നേരിട്ട് കണ്ട് ചാക്കിലാക്കാന്‍ ഭവന സന്ദര്‍ശനങ്ങളാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കഴിഞ്ഞ 5 വര്‍ഷത്തെ നേട്ടങ്ങള്‍ കാണിക്കാന്‍ എഎപി സര്‍ക്കാര്‍ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കും.