ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി നിയമസഭയുടെ പ്രമേയം. തിലക് നഗറില്‍നിന്നുള്ള എഎപി അംഗം ജര്‍നയ്ല്‍ സിംഗാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്.
1984-ല്‍ സിക്ക് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. കലാപത്തില്‍ 2800 പേര്‍ മരിച്ചതായാണ് കണക്ക്.
മരണാനന്തര ബഹുമതിയായി 1991-ലാണ് രാജീവ് ഗാന്ധിക്കു പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം സമ്മാനിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടശേഷം സിക്ക് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.
സിക്ക് വിഭാഗക്കാരനായ അംഗരക്ഷകനാണ് ഇന്ദിര ഗാന്ധിയെ വധിച്ചത്. കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.