ദില്ലി: എം സി ഡി സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളിയും സംഘർഷവും. അംഗങ്ങൾ പരസ്പരം ചെരുപ്പും കുപ്പിയും വലിച്ചെറിഞ്ഞു. കയ്യാങ്കളിക്കിടെ എ എ പി കൗൺസിലർ കുഴഞ്ഞുവീണു. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണിയപ്പോൾ ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചിരുന്നു. ബിജെപി അംഗത്തെ തോൽപ്പിക്കാൻ വേണ്ടിയാണ് ഒരു വോട്ട് അസാധ്വാക്കിയത് എന്ന് ബിജെപി ആരോപിച്ചു. വോട്ട് അസാധുവാക്കിയ നടപടിക്കെതിരെ ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി എത്തി. പ്രതിഷേധം കനത്തപ്പോൾ വോട്ട് ഒരിക്കൽ കൂടി എണ്ണാൻ മേയർ തയ്യാറായി.
ഇതിന് ശേഷവും ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് പോയതോടെ ബിജെപി എ എ പി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റിയിലെ ആറ് അംഗങ്ങളെയാണ് ഇന്ന് തെരഞ്ഞെടുക്കുക. ആം ആദ്മി പാർട്ടിയുടെ നാലും ബിജെപിയുടെ മൂന്നും സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഭവാനയിലെ ആം ആദ്മി പാർട്ടിയുടെ കൗൺസിലർ പവൻ സഹരാവത്ത് ബിജെപിയിൽ ചേർന്നു. ഇതോടെ മൂന്ന് അംഗങ്ങളെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എത്തിക്കാനുള്ള വോട്ട് ഉറപ്പിക്കാനായിരുന്നു ബിജെപിയുടെ അവസാന നിമിഷത്തിലെ നീക്കം.