മൂന്ന് ദശകത്തിലേറെയായി ഡല്‍ഹി കാണാതിരുന്ന ഏറ്റവും മോശം കലാപമായി മാറുകയാണ് ഇക്കുറി അരങ്ങേറിയ സംഘര്‍ഷങ്ങള്‍. മരണസംഖ്യ 38 ആയി ഉയര്‍ന്നതോടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ശാന്തതയിലേക്ക് മടങ്ങിയിരിക്കുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടത് പരിഗണിച്ച് വെള്ളിയാഴ്ച 10 മണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞയില്‍ ഇളവ് നല്‍കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ഏകദേശം 7000 കേന്ദ്ര പാരാമിലിറ്ററി സേനകളാണ് പ്രശ്‌നബാധിത മേഖലകളില്‍ ഇറങ്ങിയതോടെ സ്ഥിതിഗതികള്‍ പതിയെ സാധാരണ നിലയിലേക്ക് മടങ്ങിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആത്മവിശ്വാസം മെച്ചപ്പെടുത്താന്‍ ഡല്‍ഹി പോലീസ് സമാധാന കമ്മിറ്റി യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മതസൗഹാര്‍ദ്ദ അന്തരീക്ഷം തിരിച്ചെത്തിക്കാനാണ് ഇതെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഡല്‍ഹിയിലെ വിവിധ ജില്ലകളില്‍ ഏകദേശം 330 സമാധാന യോഗങ്ങളാണ് നടത്തിയത്. ഇതിന് പുറമെ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകളും, മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷനുകളും നിരവധി ഇടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. തെരുവുകള്‍ വൃത്തിയാക്കാനും, നശിപ്പിക്കപ്പെട്ട പൊതുമുതല്‍ റിപ്പയര്‍ ചെയ്യുന്ന ചുമതലയും ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍വ്വഹിച്ച് തുടങ്ങി.
സാമുദായിക സംഘര്‍ഷം വളര്‍ത്താന്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ചില സംഘങ്ങളുടെയും, സാമൂഹ്യവിരുദ്ധരുടെയും വലയില്‍ വീഴരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അഭ്യര്‍ത്ഥിച്ചു. എഎപി കൗണ്‍സിലര്‍ താഹി ഹുസൈന്റെ വീട്ടില്‍ നിന്നും പെട്രോള്‍ ബോംബുകളും, കല്ലും, കട്ടയും കണ്ടെത്തിയതോടെ സംഘര്‍ഷങ്ങളിലേക്ക് നയിച്ച സംഭവങ്ങളില്‍ ട്വിസ്റ്റ് നേരിടുകയാണ്. ഐബി ഉദ്യോഗസ്ഥനെ കൊന്നുതള്ളിയ കേസില്‍ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഇതോടെ എഎപി താഹി ഹുസൈനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.