അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് ആ ‘സൂപ്പര്‍താരം’ എത്തും!

സോഷ്യല്‍ മീഡിയയില്‍ ആവേശം നിറച്ച ‘കുഞ്ഞ് കെജ്രിവാള്‍’ സാക്ഷാല്‍ അരവിന്ദ് കെജ്രിവാള്‍ മൂന്നാം തവണ മുഖ്യമന്ത്രിയായി അധികാരം ഏല്‍ക്കുന്ന നിമിഷങ്ങള്‍ നേരില്‍കാണാന്‍ എത്തും. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം ചൂടിയ ശേഷമുള്ള സത്യപ്രതിജ്ഞയിലാണ് ഈ സവിശേഷ അതിഥി എത്തിച്ചേരുക.

എഎപി ഓഫീസിന് മുന്നില്‍ കെജ്രിവാളിന് സമാനമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ആ ഒരു വയസ്സുകാരന്‍ വൈറലായി മാറിയത്. എഎപി തൊപ്പിയും, കണ്ണടയും, സ്വെറ്ററും, മഫ്‌ളറും, മുഖത്തൊരു കുഞ്ഞന്‍ മീശയുമായി എത്തിയ കുഞ്ഞിനെ ‘മഫ്‌ളര്‍മാന്‍’ എന്നാണ് എഎപി വിളിച്ചത്.

ട്വിറ്ററിലാണ് ഈ വമ്പന്‍ പ്രഖ്യാപനം എഎപി നടത്തിയത്. ‘കുഞ്ഞ് മഫ്‌ളര്‍മാനെ ഫെബ്രുവരി 16ന് നടക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നു. തയ്യാറായിക്കോളൂ, ജൂനിയര്‍’, എഎപി വ്യക്തമാക്കി. ഫെബ്രുവരി 16ന് രാംലീലാ മൈതാനത്ത് നടക്കുന്ന ആഘോഷപൂര്‍ണ്ണമായ ചടങ്ങിലാണ് എഎപി മേധാവി കെജ്രിവാളിന്റെ സത്യപ്രതിജ്ഞ.

2011ല്‍ അണ്ണാ ഹസാരെയ്‌ക്കൊപ്പം അഴിമതി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് 51കാരനായ കെജ്രിവാള്‍ പൊതുരംഗത്തേക്ക് കടന്നുവന്നത്. ആ സമരത്തിന് വേദിയായ രാംലീല മൈതാനം തന്നെയാണ് ചരിത്രനിമിഷത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ നിന്നും വന്‍തോതില്‍ ആളുകളെ പങ്കെടുപ്പിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമസഭയിലെ 70 സീറ്റില്‍ 62 എണ്ണത്തിലും ആപ്പ് വിജയിച്ചപ്പോള്‍ ബിജെപി എട്ട് സീറ്റും, കോണ്‍ഗ്രസ് പൂജ്യത്തിലും ഒതുങ്ങി.

Top