ന്യൂഡൽഹി: ഗുജറാത്തിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. ബിജെപിക്ക് എതിരെ കട്ടയ്ക്ക് പോരാടാനാണ് ആംആദ്മി പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ 182 സീറ്റുകളിൽ 140 മുതൽ 150 സീറ്റുകൾ വരെ എ.എ.പി. സ്വന്തമാക്കുമെന്ന് പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. അതേസമയം, തനിക്കൊരവസരം തന്നാൽ സൗജന്യമായി വൈദ്യുതിയും സ്കൂളുകളും ആശുപത്രികളും നിർമ്മിക്കാമെന്നും അയോധ്യയിലെ രാം മന്ദിരത്തിലേക്ക് എല്ലാവരേയും എത്തിക്കാമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
‘ഞാൻ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ കുടുംബത്തിന്റെ ഭാഗം. എനിക്കൊരു അവസരം തരൂ, ഞാൻ നിങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകാം. സ്കൂളുകളും ആശുപത്രികളും നിർമ്മിക്കാം. കൂടാതെ നിങ്ങളെ അയോധ്യയിലെ രാം മന്ദിരത്തിലെത്തിക്കാം’, അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബിൽ എഎപി ഭരണത്തിലേറിയതിന് പിന്നാലെ വൻ പ്രതീക്ഷയോടെയാണ് അരവിന്ദ് കെജ്രിവാൾ ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മോർബി ദുരന്തമാണ് ബി.ജെ.പിക്കെതിരെ ആം ആദ്മി പാർട്ടിയും ഉയർത്തിക്കാട്ടുന്നത്. മോർബി പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് എ.എ.പി. ആരോപിക്കുന്നത്. ഒക്ടോബർ 30-നുണ്ടായ ദുരന്തത്തിൽ 130-ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേരെ കാണാതാകുകയു ചെയ്തിരുന്നു.