കേന്ദ്രത്തില്‍ മൂന്നാം ഊഴം ഉറപ്പിച്ച് മുന്നോട്ട് പോകുന്ന മോദി സര്‍ക്കാറിന്, അപ്രതീക്ഷിതമായ വെല്ലുവിളിയായിരിക്കുകയാണ്, കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ സമരം . ഈ സമരത്തിന്റെ നേട്ടം പ്രധാനമായും കൊയ്യാന്‍ പോകുന്നത് , ആം ആദ്മി പാര്‍ട്ടി ആയിരിക്കും. കര്‍ഷക പ്രക്ഷോഭം ഏറ്റവും കൂടുതല്‍ ശക്തമായ പഞ്ചാബിലും , കര്‍ഷര്‍ പ്രക്ഷോഭം നടത്താന്‍ ലക്ഷ്യമിടുന്ന ഡല്‍ഹിയിലും നിലവില്‍ ഭരണം നടത്തുന്നത് ആംആദ്മി പാര്‍ട്ടിയാണ്. ഡല്‍ഹിയുടെ മറ്റൊരു അയല്‍ സംസ്ഥാനമായ ഹരിയാനയിലും , ആം ആദ്മി പാര്‍ട്ടിക്ക് നിര്‍ണ്ണായകമായ സ്വാധീനമാണുള്ളത്. കര്‍ഷക പ്രക്ഷോഭം കത്തി നില്‍ക്കുന്ന സാഹചര്യം , അതു കൊണ്ടു തന്നെ ആം ആദ്മി പാര്‍ട്ടിക്കാണ് , ഏറെ ഗുണം ചെയ്യുക. കേരളത്തിലെ പിണറായി സർക്കാർ ഡൽഹിയിൽ നടത്തിയ സമരത്തിൽ , ആം ആദ്മി പാർട്ടിയുടെ രണ്ടു മുഖ്യമന്ത്രിമാരും പങ്കെടുത്തത് , ദേശീയ തലത്തിൽ , പുതിയ ശാക്തിക ചേരി രൂപപ്പെടുന്നതിൻ്റെ സൂചനയാണ്. ഈ സഖ്യത്തിനൊപ്പം ഡി.എം.കെയും ആർ.ജെ.ഡിയും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് ഇതര പ്രതിപക്ഷ പാർട്ടികളും ചേരാനാണ് സാധ്യത. കെജരിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ , പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യാ ‘ സഖ്യത്തിന്, മോദിക്കെതിരെ ശക്തമായ ബദൽ മുന്നോട്ടു വയ്ക്കാൻ കഴിയുമായിരുന്നു എന്നതാണ് , സി.പി.എം വിലയിരുത്തൽ. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാർട്ടിയെ പിന്തുണച്ച സി.പി.എം , അതേ പാതയിൽ കൂടുതൽ ശക്തമായാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കെജരിവാളിനെ അംഗീകരിക്കാത്ത കോൺഗ്രസ്സ് നേതാക്കളെ ചൊടിപ്പിക്കുന്ന നീക്കമാണിത്.
80 ലോകസഭ സീറ്റുകള്‍ ഉള്ള യു.പിയിലും കര്‍ഷക വോട്ടുകള്‍ നിര്‍ണ്ണായകമാണ്. കര്‍ഷക സമരം മുന്‍ നിര്‍ത്തി , കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ പറ്റുമോ എന്നാണ് , സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോള്‍ നോക്കുന്നത്. കര്‍ഷകരും അവരുടെ ബന്ധുക്കളും ചേര്‍ന്നാല്‍ തന്നെ , അത് വലിയ നമ്പര്‍ വരും. ലക്ഷക്കണക്കിന് വോട്ടുകള്‍ ഉത്തരേന്ത്യയിലെ പല മണ്ഡലങ്ങളിലും ഇവര്‍ക്കുണ്ട്. ബി.ജെ.പിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതും , ഈ വോട്ടുകളായിരിക്കും.
രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് , അന്ന് സമരരംഗത്തുണ്ടായിരുന്നവരില്‍ ഒരു വിഭാഗം , ഡല്‍ഹി മാര്‍ച്ചുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. മറുവിഭാഗമാകട്ടെ , കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഗ്രാമീണ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.എന്ത് തടസം ഉണ്ടായാലും, സമരവുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകരുള്ളത്. കര്‍ഷകരെ നേരിടാന്‍ വിവിധ സേനകള്‍ രംഗത്തുണ്ടെങ്കിലും , അതൊന്നും തന്നെ കര്‍ഷകരുടെ മനോവീര്യത്തെ തെല്ലും ബാധിച്ചിട്ടില്ല. നേതാക്കളെ അറസ്റ്റ് ചെയ്തതും , കര്‍ഷകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും പൊലീസ് നടപടിക്കെതിരെ ശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്.
യുദ്ധസമാനമായാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദേശീയ പാതകള്‍ അടച്ചും, ചിലയിടങ്ങളില്‍ റോഡുകള്‍ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കര്‍ഷകര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണെന്നും, അടിച്ചമര്‍ത്തരുതെന്നുമുള്ള ആവശ്യം , ബി.ജെ.പി ഘടക കക്ഷികളിലും ശക്തമാണ്. കര്‍ഷകരുമായുള്ള ഏറ്റുമുട്ടല്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന ആവശ്യം , കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും , സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. മന്ത്രിതല ചര്‍ച്ചയില്‍ , 2020- 21 വര്‍ഷത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും, മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നതില്‍ തീരുമാനമായിട്ടില്ല. ഈ ആവശ്യത്തില്‍ , ഇരുവിഭാഗം കര്‍ഷക സംഘടനകളും ഒരുപോലെ ഉറച്ചുനില്‍ക്കുകയാണ്.
മിനിമം താങ്ങുവിലയ്ക്കായി നിയമനിര്‍മാണം, കടം എഴുതിത്തള്ളല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍… എന്നിവയ്ക്കുള്ള നിയമപരമായ വശങ്ങളെക്കുറിച്ച് മനസിലാക്കാന്‍, ഒരു കമ്മിറ്റി രൂപീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും, കര്‍ഷക പ്രതിനിധികള്‍ ഇതൊന്നും തന്നെ വിശ്വാസത്തിലെടുത്തിട്ടില്ല. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദാക്കികൊണ്ട് , 2021 നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതോടെയാണ് , കേരളത്തില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കിയ ,കര്‍ഷക സമരം അവസാനിച്ചിരുന്നത്. നീണ്ട 13 മാസത്തെ ഐതിഹാസിക പോരാട്ടത്തിനൊടുവിലാണ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരുന്നത്.
അന്നവസാനിച്ച പ്രക്ഷോഭം , പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും കരുത്താര്‍ജിക്കുമ്പോള്‍ , കര്‍ഷക സമരം നീട്ടി കൊണ്ടു പോകുന്നത് , ബി.ജെ.പിക്കാണ് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാനിരിക്കെ , വലിയ സമ്മര്‍ദ്ദമാണ് , കര്‍ഷകരുടെ ഭാഗത്ത് നിന്നും കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. കര്‍ഷകര്‍ക്കെതിരായ ഏത് നടപടിയും , തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് , മന്ത്രിമാരുടെ ഒരു സംഘത്തെ തന്നെ ചര്‍ച്ചക്കായി മോദി നിയോഗിച്ചിരിക്കുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ , ഇനി ചര്‍ച്ച നടത്തിയതു കൊണ്ട് കാര്യമുണ്ടോ എന്ന ചിന്താഗതിയും, ബി.ജെ.പി നേതൃത്വത്തിലുണ്ട്. തിരഞ്ഞെടുപ്പ് കാലം ,സമരം നടത്താന്‍ പറ്റിയ കാലമാണെന്നു കണ്ടാണ് , മിന്നല്‍ പ്രക്ഷോഭവുമായി കര്‍ഷക സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കടുത്ത നടപടിയിലേക്ക് ഹരിയാണയിലെയും ഡല്‍ഹിയിലെയും ബി.ജെ.പി ഭരണകൂടങ്ങള്‍ നീങ്ങിയാല്‍ , കര്‍ഷക രോക്ഷവും കൂടുതല്‍ ശക്തമാകും. അത് രാജ്യവ്യാപകമായി പടരാനും സാധ്യത ഏറെയാണ്.
EXPRESS KERALA VIEW