ന്യൂഡല്‍ഹി: അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നതായി സൂചന.
ദേശീയ മാധ്യമങ്ങളില്‍ വരുന്ന സൂചന പ്രകാരം പാര്‍ലമെന്റ് അംഗമായ ഭഗവന്ത് മാനെ മുഖ്യമന്ത്രിയായി പരിഗണിക്കുവാനാണ് പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക രാഷ്ട്രീയകാര്യ സമിതി തീരുമാനം ആയിട്ടാവും.
അതേസമയം ഭഗവന്ത് മാനെ ആം ആദ്മി ഒരിക്കലും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കില്ലെന്നാണ് എതിര്‍കക്ഷികളുടെ വാദം. ഇത്തരമൊരു പ്രചാരണണം ശക്തമാക്കുന്നതിന്റെ പിന്നില്‍ ഭഗവന്ത് മാന്റെ കൈകളാണെന്നാണ് ബി ജെ പി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 101 നിയമസഭാ സീറ്റുകളലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ചു കഴിഞ്ഞു. പഞ്ചാബ് നിയമസഭയില്‍ ആകെ 117 സീറ്റുകളാണുള്ളത്.
തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മികച്ച സാദ്ധ്യതയാണ് പ്രവചിക്കുന്നത്. 2017ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇരുപത് സീറ്റുകളില്‍ ജയിച്ച് കരുത്ത് കാട്ടിയിരുന്നു. ഇക്കുറി സൗജന്യ വൈദ്യുതി ഉള്‍പ്പടെ കൈ നിറയെ വാഗ്ദ്ധാനങ്ങളാണ് ആം ആദ്മി നല്‍കുന്നത്. ഭരണ കക്ഷിയായ കോണ്‍ഗ്രസിലെ ചേരിപ്പോരും, കര്‍ഷക സമരം ബി ജെ പിക്ക് എതിരെയുണ്ടാക്കിയ വികാരവുമെല്ലാം ഇക്കുറി ആം ആദ്മിക്ക് തുണയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.