അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണം: രാമജന്മഭൂമി ട്രസ്റ്റിനോട് എഎപി എംഎല്‍എ

ന്യൂഡല്‍ഹി: അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി വക്താവും എംഎല്‍എയുമായ സൗരഭ് ഭരത്വാജ്.ഹനുമാന്റെ സാഹസിക യാത്ര വര്‍ണിക്കുന്ന സുന്ദരകാണ്ഡത്തിന്റെ പാരായണം എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തില്‍ നടത്തുമെന്ന് സൗരഭ് ഭരത്വാജ് വ്യക്തമാക്കി.

‘ഹനുമാന്‍ ശ്രീരാമന് വളരെ പ്രിയപ്പെട്ടവനാണ്. എവിടെയെല്ലാം രാമനുണ്ടോ അവിടെയൊക്കെ ഹനുമാനുമുണ്ട്. മാത്രമല്ല എല്ലാ രാമക്ഷേത്രങ്ങളിലും എല്ലായ്‌പ്പോഴും രാമന്‍, ലക്ഷ്മണ്‍, സീത, ഹനുമാന്‍ എന്നിവരുള്‍പ്പെടുന്ന ഒരു രാം ദര്‍ബാര്‍ അടങ്ങിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഹനുമാന്റെ ലങ്ക സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കുന്ന കവി തുളസിദാസ് എഴുതിയ രാംചരിത്മാനസിലെ ഒരു അധ്യായമായ ‘സുന്ദര്‍ കാന്റ്’ പാരായണം എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച തന്റെ നിയോജകമണ്ഡലത്തിലെ പല മേഖലകളിലും നടക്കുമെന്ന് ഭരദ്വാജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ ബിജെപി ട്രോളിയിരുന്നു.

‘ഇപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ ‘ഹനുമാന്‍ ചാലിസ’ ചൊല്ലാന്‍ തുടങ്ങി. വരും ദിവസങ്ങളില്‍ ഒവൈസി ഇത് പാരായണം ചെയ്യുന്നത് നിങ്ങള്‍ കാണും. ഇത് തീര്‍ച്ചയായും സംഭവിക്കുമെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്.

Top