ആം ആദ്മിയില്‍ രാജ്യസഭ സീറ്റില്ല ; സത്യം പറഞ്ഞതിനുള്ള ശിക്ഷയെന്ന് കുമാര്‍ വിശ്വാസ്

aap

ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്.

അതേസമയം ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് കുമാര്‍ വിശ്വാസിന് രാജ്യസഭാ സീറ്റ് നിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും മുതിര്‍ന്ന നേതാക്കളുമായും ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് കുമാര്‍ വിശ്വാസിനെ പാര്‍ട്ടി തളളിയത്.

സത്യം പറയുന്നത് കൊണ്ടാണ് രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്ന് കുമാര്‍ വിശ്വാസ് പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാള്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് ഗുപ്ത പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് സുശീല്‍കുമാര്‍ ഗുപ്ത. ഡല്‍ഹിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്. ജനുവരി 16നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്.

Top