കൊച്ചി: പുതുവൈപ്പില്‍ സ്ഥാപിക്കാന്‍ നിധേഷിക്കപ്പെട്ട ഐഒസി യുടെ എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ 300 ഓളം പേരെ ക്രൂരമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പൊലീസ് നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ച പ്രവര്‍ത്തനമല്ലന്ന് ആം ആദ്മി.
സമരം ചെയ്യുന്നവരോട് ഇത്തരത്തില്‍ പൊലീസ് ഭീകരത പ്രയോഗിക്കുന്ന ഇടത്പക്ഷ സര്‍ക്കാര്‍ സ്വന്തം നിലപാട് പുനഃപരിശോധിക്കണം. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കൊണ്ടും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണി വളര്‍ത്തി കൊണ്ടും ഒരു പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് നീതി നിഷേധമാണെന്നും പാര്‍ട്ടി അറിയിച്ചു.
വികസന പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നവരെ ഭരണകൂട ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ജനങ്ങളോടുള്ള വെല്ലുവിളി ആണ്. നന്ദിഗ്രാമിലും മറ്റും നടത്തിയ ഇടപെടലുകള്‍ പശ്ചിമ ബംഗാളില്‍ പാര്‍ട്ടി തന്നെ ഇല്ലാതാകാന്‍ വഴി വെച്ചു എന്ന സത്യം മുഖ്യമന്ത്രി ഓര്‍ക്കണം.
സ്വന്തം ജീവനും ആവാസ വ്യവസ്ഥയും സംരക്ഷിക്കാന്‍ മാസങ്ങളായി തെരുവില്‍ ഇറങ്ങി സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന പുതുവൈപ്പ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും ആം ആദ്മി പാര്‍ട്ടി അറിയിച്ചു.