കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തിറങ്ങുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന കണ്‍വീനറും എഴുത്തുകാരിയുമായ സാറാ ജോസഫ് വ്യക്തമാക്കി. വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2,56,662 വോട്ടാണ് സംസ്ഥാനത്തുനിന്നും ആം ആദ്മി പാര്‍ട്ടി നേടിയിരുന്നത്. ഇതില്‍ എറണാകുളത്തുനിന്നും മത്സരിച്ച പ്രമുഖ പത്രപ്രവര്‍ത്തക അനിതാ പ്രതാപിന് 51,517 വോട്ടും തൃശൂരില്‍ നിന്നു മത്സരിച്ച സാറാ ജോസഫിന് 44,638 വോട്ടും തിരുവനന്തപുരത്ത് മത്സരിച്ച മുന്‍ ഐപിഎസ് ഓഫീസര്‍ അജിത് ജോയിക്ക് 14,113 വോട്ടും കോഴിക്കോട് മത്സരിച്ച കെ.പി രതീഷിന് 13,934 വോട്ടുമാണ് ലഭിച്ചിരുന്നത്.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്നിരുന്ന ആം ആദ്മി പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പിലും സജീവമല്ലായിരുന്നു.
എന്നാല്‍ സംസ്ഥാനത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് കരുത്ത് തെളിയിക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കകത്തുള്ളത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തന്നെ പ്രചരണത്തിന് കൊണ്ടുവന്ന് മുന്നണികളെ വിറപ്പിക്കണമെന്നാണ് പാര്‍ട്ടി അണികളുടെ വികാരം.
ഇടത്- വലത് മുന്നണികള്‍ക്കുപുറമെ ബിജെപി-എസ്എന്‍ഡിപി യോഗം കൂട്ടുകെട്ടും പ്രവചനാതീതമായ മത്സരരംഗത്ത് കച്ചമുറുക്കി ഇറങ്ങുന്ന സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ആര്‍ക്കാണ് കോട്ടമുണ്ടാക്കുകയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായുണ്ടായ ഒരു വികാരം ഇപ്പോള്‍ പ്രത്യക്ഷത്തിലില്ലെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ഇറങ്ങിയാല്‍ അത് മുന്നണികള്‍ക്ക് തലവേദനയാകും.
സോളാര്‍, പാറ്റൂര്‍, ബാര്‍ കോഴ തുടങ്ങി അഴിമതികളുടെ കൂത്തരങ്ങായ സംസ്ഥാനത്തേക്ക് അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള കെജ്‌രിവാള്‍ എത്തുമ്പോള്‍ അത് മധ്യവര്‍ഗ്ഗത്തിനിടയില്‍ ചലനമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്.
ബിജെപി മുന്നണിയില്‍ ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തിപ്രകടനത്തില്‍ അണി ചേരാന്‍ സമത്വ മുന്നേറ്റയാത്രയുമായി പുറപ്പെട്ട വെള്ളാപ്പള്ളി സഖ്യത്തിന് കെജ്‌രിവാളിന്റെ സാന്നിധ്യവും ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശവും ആശങ്കാജനകമായിരിക്കും.
മൈക്രോഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വെള്ളാപ്പള്ളിക്കും സംഘത്തിനും നേരിടേണ്ടിവരും.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി വളരെ അടുത്ത ബന്ധമാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറായ എഴുത്തുകാരി സാറാ ജോസഫിനുള്ളത്. അഴിമതിക്കെതിരായ പോരാട്ടങ്ങളുടെ മുന്നണി പോരാളി ആയതിനാല്‍ വി.എസ് മത്സരിക്കുകയാണെങ്കില്‍ ആ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.
എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുക എന്നതിനപ്പുറം എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ മത്സരിച്ച് കരുത്തു കാട്ടണമെന്ന അഭിപ്രായമാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കിടയിലുള്ളത്.
അഖിലേന്ത്യാ നേതൃത്വത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ ജനസഭ കൂടി മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും. നിലവില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഓരോ എംഎല്‍എമാരും തിരഞ്ഞെടുക്കപ്പെട്ടത് എന്നതിനാല്‍, ബിജെപി മുന്നണിയും ആം ആദ്മി പാര്‍ട്ടിയും പിടിക്കുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും നിര്‍ണ്ണായകമാവും.
സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളോട് മുഖം തിരിക്കുന്ന വിഭാഗത്തിന്റെയും സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണയാണ് പ്രധാനമായും ആം ആദ്മി ലക്ഷ്യമിടുന്നത്.