ന്യൂഡല്‍ഹി: അല്‍കാ ലാമ്പ എം.എല്‍.എയെ ആം ആദ്മി പാര്‍ട്ടി ഔദ്യാഗിക വക്താവ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രണ്ടുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഡല്‍ഹി ഗതാഗത മന്ത്രിയായിരുന്ന ഗോപാല്‍ റായിയോട് രാജിവെക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്.
ആരോഗ്യ കാരണങ്ങളാല്‍ രാജിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജി വെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയായ താന്‍ സസ്‌പെന്‍ഷന്‍ നടപടിയെ അനുസരിക്കുന്നുവെന്നും അറിവില്ലായ്മ കൊണ്ട് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയാറാണെന്നും അല്‍ക ട്വീറ്ററിലൂടെ പ്രതികരിച്ചു.
ഈ മാസം 14നാണ് ഗോപാല്‍ റായ് മന്ത്രി സ്ഥാനം രാജിവെച്ചത്. ഒറ്റഇരട്ട ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്.