ഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ ഒപ്പം കൂട്ടിയാല്‍ 25 കോടി തരാമന്നും എം.എല്‍.എമാര്‍ക്ക് ബിജെപിയുടെ വാഗ്ദാനം ലഭിച്ചുവെന്ന എ.എ.പി വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ ചില എ.എ.പി എം.എല്‍.എമാരെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ യോഗം വിളിച്ചുചേര്‍ത്തതിനു പിന്നാലെയാണ് ചില എ.എല്‍.എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരിധിക്ക് പുറത്താണെന്നുമുള്ള വിവരം എ.എ.പി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും-ഇഡിയും പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എ.എ.പി രംഗത്തെത്തിയത്. അതേസമയം, മദ്യനയത്തിലെ അഴിമതിയേക്കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തില്‍നിന്ന് വഴിമാറിപ്പോകാനാണ് എ.എ.പിയുടെ ആരോപണമെന്നായിരുന്നു ബി.ജെ.പിയുടെ വാദം. ഇതിനിടെയായിരുന്നു ഇന്ന് കെജ്‌രിവാളിന്റെ വീട്ടില്‍ യോഗം ചേരാന്‍ എ.എ.പി തീരുമാനിച്ചത്.
മദ്യനയത്തില്‍ ബി.ജെ.പി നിലപാട് ശക്തമാക്കിയതിന് പിന്നാലെയായിരുന്നു ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കെജ്‌രിവാള്‍ യോഗം വിളിച്ചുചേര്‍ത്തത്. ഇതിനിടെ ബി.ജെ.പി സിസോദിയയുടെ മണ്ഡലമായ പദ്പര്‍ഗഞ്ജിലടക്കം ഡല്‍ഹിയിലെ പലയിടങ്ങളിലും സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയം ശുദ്ധീകരിക്കുമെന്നുപറഞ്ഞ് രംഗത്തെത്തിയവര്‍ വലിയ മദ്യ അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി പറഞ്ഞു. അഴിമതിക്കാരനായ ഒരാളെ പോലും തന്റെ നിയമസഭയില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നയാളാണ് അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍, ഇതേ കെജ്‌രിവാള്‍ തന്നെ അഴിമതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന തന്റെ രണ്ട് മന്ത്രിമാരായ സിസോദിയയേയും സത്യേന്ദ്ര ജയിനിനേയും സംരക്ഷിക്കുകയാണെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ അദേഷ് ഗുപ്ത പറഞ്ഞു.
മദ്യനയത്തിനെതിരേ ഡല്‍ഹിയിലെ 19 ഇടങ്ങളില്‍ ഇന്ന് ബി.ജെ.പി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഡല്‍ഹിയിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ അറിയിച്ചു.