ചണ്ഡീഗഡിലെ വിജയത്തിന്റെ പ്രതികാരമാണ് ഇ.ഡിയുടെ ഏറ്റവും പുതിയ സമന്‍സ് :എ.എ.പി

ഡല്‍ഹി: ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പിലെ സുപ്രീം കോടതി വിധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമാണ് അരവിന്ദ് കെജ്രിവാളിനെതിരെയുള്ള ഇ.ഡിയുടെ ഏറ്റവും പുതിയ സമന്‍സെന്ന് ആം ആദ്മി പാര്‍ട്ടി.’ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതി ഉത്തരവ് വന്നത് മുതല്‍ ഇ.ഡിയും സി.ബി.ഐയും നടത്താന്‍ സാധ്യതയുള്ള അറസ്റ്റുകളെയും റെയ്ഡുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ചണ്ഡീഗഡിലെ എ.എ.പിയുടെ വിജയത്തിന് പ്രതികാരം ചെയ്യാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നു. ഇ.ഡി ഇന്ന് അരവിന്ദ് കെജ്രിവാളിനെതിരെ അയച്ച സമന്‍സ് ചണ്ഡീഗഢില്‍ സംഭവിച്ചതിന് പ്രതികാരം ചെയ്യാനുള്ള ശ്രമം മാത്രമാണ്’- എ.എ.പി നേതാവ് അതിഷി പറഞ്ഞു.

എ.എ.പി എന്തെങ്കിലും ചെയ്താല്‍ ഉടന്‍ തന്നെ ഇ.ഡി അരവിന്ദ് കെജ്രിവാളിന് സമന്‍സ് അയക്കുമെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്ന് പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു.ജനുവരി 30ന് നടന്ന ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ റിട്ടേണിങ് ഓഫിസര്‍ അനില്‍ മസീഹ് ബാലറ്റ് പേപ്പറുകളില്‍ കുത്തിവരക്കുന്നത് കാമറയില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് എ.എ.പി സു?പ്രീംകോടതിയെ സമീപിക്കുകയായിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരം ഇ.ഡി അരവിന്ദ് കെജ്രിവാളിന് ഏഴാമത്തെ സമന്‍സാണ് അയക്കുന്നത്. നിയമപ്രകാരം ചെയ്യേണ്ടതെന്തും ചെയ്യുമെന്നതായിരുന്നു കഴിഞ്ഞ സമന്‍സുകളെ കുറിച്ചുള്ള ചോദ്യത്തിന് കെജ്രിവാളിന്റെ മറുപടി.ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. വിവാദമായതോടെ 2023 ജൂലൈയില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍ കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു.

Top