ബിജെപി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത ഓഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് എഎപി

ഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്നം മുഖ്യമന്ത്രിയാക്കാമെന്നും ബി.ജെ.പി. നേതാവ് വാഗ്ദാനം ചെയ്യുന്ന ഓഡിയോ റെക്കോഡ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പക്കലുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ വെളിപ്പെടുത്തൽ.

ഈ ഘട്ടത്തില്‍ ഓഡിയോ റെക്കോഡിങ് പുറത്തുവിടാന്‍ ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ, അത്തരമൊരുഘട്ടം വന്നാന്‍ ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും പേര് വെളിപ്പെടുത്താത്ത ഒരു എഎപി നേതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ആം ആദ്മി പാര്‍ട്ടിയെ പിളര്‍ത്തിയാല്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു. ബി.ജെ.പിയെ സഹായിച്ചാല്‍ തനിക്കെതിരായ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്ന വാക്കും തന്നു. ഒരു ദൂതനാണ് തന്നെ സമീപിച്ചതെന്ന് വ്യക്തമാക്കിയ സിസോദിയ പക്ഷേ, ആളാരാണെന്ന് വെളിപ്പെടുത്തിയില്ല.

ഇതിന് പിന്നാലെ മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി.യുടെ എം.പി. മനോജ് തിവാരി ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ. കേസന്വേഷണത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡല്‍ഹിയിലെ എക്‌സൈസ് അഴിമതിക്കേസില്‍ സിസോദിയുടെയും സഹായികളുടെയുമൊക്കെ വീടുകളിലും ഓഫീസികളിലും സി.ബി.ഐ. റെയ്ഡ് നടത്തിയതിന്റെ തുടര്‍ച്ചയായായിരുന്നു സിസോദിയുടെ വെളിപ്പെടുത്തല്‍.

Top