സിഎഎ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്; അമിത് ഷായുടെ ഗൂഢാലോചനയെന്ന് ആം ആദ്മി

പൗരത്വ നിയമത്തിന് എതിരായി പ്രതിഷേധങ്ങള്‍ നടത്തിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ബിജെപിക്ക് എതിരെ ആം ആദ്മി പാര്‍ട്ടി. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്നാണ് ആം ആദ്മിയുടെ ആവശ്യം. ഡല്‍ഹിയിലെ ജാമിയ മേഖലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഗോപാല്‍ എന്നയാള്‍ വെടിയുതിര്‍ത്തത്.

‘ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി ഭയക്കുകയാണ്. ഇതിന്റെ പേരിലാണ് അന്തരീക്ഷം കലുഷിതമാക്കുന്നത്. ഡല്‍ഹി പോലീസ് നടപടി സ്വീകരിക്കേണ്ടതാണ്, എന്നാല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവരുടെ കൈകള്‍ കെട്ടിയിരിക്കുകയാണ്. ഇത് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അമിത് ഷായുടെ ഗൂഢാലോചനയാണ്’, ആം ആദ്മി അംഗം സഞ്ജയ് സിംഗ് ആരോപിച്ചു.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി മണക്കുന്ന പശ്ചാത്തലത്തിലാണ് അവര്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് എഎപി നേതാവ് അമാനത്തുള്ളാ ഖാന്‍ പറഞ്ഞു. അക്രമിയായ ഗോപാല്‍ ബിജെപി അംഗമാണെന്നാണ് ഖാന്റെ ആരോപണം. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ രാജ്ഘട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കുന്നതിന് ഇടെയാണ് വെടിവെപ്പ്.

‘ആര്‍ക്കാണ് ആസാദി വേണ്ടത്? ഞാന്‍ തരാം ആസാദി’ എന്ന് ആക്രോശിച്ചാണ് അതിക്രമി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരുക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.

Top